ശബരിമല പാതയിൽ ഒരു ഡസനോളം അന്നദാന കേന്ദ്രങ്ങൾ
1489985
Wednesday, December 25, 2024 5:42 AM IST
എരുമേലി: ശബരിമല പാതയിൽ ഒരു ഡസനോളം അന്നദാന കേന്ദ്രങ്ങൾ. ദേവസ്വം ബോർഡ്, അയ്യപ്പ സേവാ സംഘം, അയ്യപ്പ സേവാ സമാജം, അയ്യപ്പ ധർമ പരിഷത്ത്, അയ്യപ്പ സേന, ആന്ധ്രാ ട്രസ്റ്റ്, വിവേകാനന്ദ, അയ്യപ്പ സേവാ ട്രസ്റ്റ് എന്നിങ്ങനെ വിവിധ അന്നദാന കേന്ദ്രങ്ങളാണ് എരുമേലി ടൗണിൽ മാത്രമുള്ളത്.
ഇതിനു പുറമേ വിഴിക്കത്തോട്, പ്ലാച്ചേരി, ഇടത്താളവങ്ങളായ ഇരുമ്പൂന്നിക്കര, കാളകെട്ടി, കോയിക്കക്കാവ്, അഴുത എന്നിവിടങ്ങളിലും അന്നദാനമുണ്ട്.
ദിവസവും ആയിരവും രണ്ടായിരവും പേർക്ക് ഓരോ കേന്ദ്രത്തിലും ഭക്ഷണം ഉണ്ടാക്കി നൽകും. ഒരു കേന്ദ്രത്തിലും ഭക്ഷണം തീരുകയില്ല. ആളുകൾ എത്തുന്നതനുസരിച്ച് ഉണ്ടാക്കിക്കൊണ്ടിരിക്കും.
ഓരോ കേന്ദ്രത്തിലും അരിയും ധാന്യങ്ങളും പണവുമായി മുൻകൂർ ബുക്ക് ചെയ്തിരിക്കുകയാണ് സ്പോൺസർമാർ. രാവിലെയും ഉച്ചയ്ക്കും രാത്രിയിലും ചോറും കറികളും കഞ്ഞിയും പായസവും ചുക്കുവെള്ളവുമാണ് നൽകുന്നത്.