രാജു ജോൺ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
1489978
Wednesday, December 25, 2024 5:42 AM IST
കുറവിലങ്ങാട്: ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി ഇടതുമുന്നണിയിലെ രാജു ജോൺ ഐകകണ്ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു. സിപിഎം പ്രതിനിധിയായ രാജു വെളിയന്നൂർ ഡിവിഷൻ അംഗമാണ്. 13 അംഗ ഭരണസമിതിയിൽ യുഡിഎഫിലെ രണ്ട് അംഗങ്ങൾ തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുത്തില്ല.
മുൻ പ്രസിഡന്റ് ബൈജു ജോൺ പുതിയിടത്തുചാലിൽ രാജുവിന്റെ പേര് നിർദേശിക്കുകയും ജോൺസൺ പുളിക്കീൽ പിന്താങ്ങുകയും ചെയ്തു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാജു, സിപിഎം വെളിയന്നൂർ ലോക്കൽ കമ്മിറ്റിയംഗവും പഞ്ചായത്ത് മുൻ അംഗവുമാണ്.
ഇപ്പോഴത്തെ ഭരണസമിതിയുടെ നാലാമത്തെ പ്രസിഡന്റാണ് രാജു ജോൺ. മുന്നണി ധാരണയിൽ കേരള കോൺഗ്രസ്-എം പ്രതിനിധികളായ ബൈജു ജോൺ, ജോൺസൺ പുളിക്കീൽ, പി.സി. കുര്യൻ എന്നിവർ പ്രസിഡന്റുമാരായിരുന്നു.