ശബരി പാതയില്‍ റെയില്‍വേയുടെ ചുവപ്പുകൊടി
1489701
Tuesday, December 24, 2024 6:39 AM IST
കോട്ടയം: നിര്‍ദിഷ്ട അങ്കമാലി-എരുമേലി ശബരി റെയില്‍വേ ഇരട്ടപ്പാതയായി നിര്‍മിക്കണമെന്ന് റെയില്‍വേ കണ്‍സ്ട്രക്ഷന്‍ വിഭാഗം കടുത്ത നിലപാടില്‍. എറണാകുളം-കോട്ടയം-കൊല്ലം പാത ഇരട്ടിക്കല്‍ ഇരുപത് വര്‍ഷം ഇഴഞ്ഞ സാഹചര്യത്തിലാണ് ശബരി ഇരട്ടലൈനില്‍ പണിയണമെന്ന റെയില്‍വേ നിലപാടിനു പിന്നില്‍. മുന്‍പ് കടുത്തുരുത്തി മുതല്‍ ചങ്ങനാശേരി വരെ ഇരട്ടപ്പാതയ്ക്ക് സ്ഥലം കിട്ടാന്‍ ഇരുപത് വര്‍ഷമാണ് വേണ്ടിവന്നത്.
ആറു വര്‍ഷം കോടതി വ്യവസാഹരവും വേണ്ടിവന്നു. കോട്ടയം നഗരത്തില്‍ റെയില്‍വേ സ്ഥലം കൈയേറി ആരാധനാലയം പണിതതിലും തകര്‍ക്കമുണ്ടായി. ശബരിമല സീസണിലാണ് എരുമേലിയിലേക്ക് സ്പെഷല്‍ ട്രെയിനുകള്‍ കൂടുതലായി വേണ്ടിവരികയെന്നതിനാല് ഗതാഗതം സുതാര്യമാക്കാനാണ് ഇരട്ടപ്പാത വേണമെന്ന് റെയില്‍വേയുടെ കടുംപിടിത്തം.
ശബരിയുടെ പരിമിതികള്‍
അങ്കമാലി, മൂവാറ്റുപുഴ, തൊടുപുഴ, ഭരണങ്ങാനം, കാഞ്ഞിരപ്പള്ളി വഴി എരുമേലിയിലേക്കുള്ള ശബരി പാത 111 കിലോമീറ്ററാണ്. ആകെ 14 സ്റ്റേഷനുകള്‍. സിംഗില്‍ ലൈന്‍ പദ്ധതിച്ചെലവായ 3800.94 കോടിയില്‍ 1900.47കോടി മുടക്കാനുള്ള കരാറൊപ്പിടാനാണ് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ആവശ്യപ്പെട്ടിരുന്നതെന്നിരിക്കെയാണ് ദക്ഷിണ റെയില്‍വേയുടെ ഇരട്ടപ്പാത അജന്‍ഡ.
ഡബിള്‍ ലൈന്‍ പതിനായിരം കോടി രൂപ ചെലവുണ്ടാകും. മാത്രവുമല്ല റൂട്ട് സര്‍വേ, സ്ഥലം ഏറ്റെടുക്കല്‍, നഷ്ടപരിഹാരം, സാമൂഹികാഘാത പഠനം എന്നിവ വീണ്ടും നടത്തണം. ഇതോടകം ഏഴു കിമീ സിംഗിള്‍ റെയിലും കാലടിയില്‍ പെരിയാറിനു കുറുകെ പാലവും തീര്‍ന്നിട്ടുണ്ട്. എറണാകുളം ജില്ലാപരിധിയില്‍ വരുന്ന പ്രദേശം കല്ലിട്ടു തിരിച്ച് സാമൂഹികാഘാത പഠനം കഴിഞ്ഞതാണ്. ഇടുക്കി ജില്ലയില്‍ മുഴുവന്‍ ഭൂമിയും കോട്ടയത്തെ രണ്ട് വില്ലേജുകളിലും കല്ലിട്ട് തിരിച്ചിട്ടുണ്ട്. ഇരട്ടപ്പാതയാണ് വരുന്നതങ്കില്‍ റീ സര്‍വേ പൂര്‍ത്തിയാവാന്‍ വര്‍ഷങ്ങളെടുക്കും. സാധാരണ പുതിയ പാതകള്‍ ഒറ്റലൈന്‍ നിര്‍മിച്ച ശേഷമാണ് ഇരട്ടപ്പാതയാക്കുക. എരുമേലിയില്‍നിന്നു പാത പമ്പ വരെ നീട്ടണമെന്നും റെയില്‍വേ നിര്‍ദേശിക്കുന്നു. മുക്കൂട്ടുതറ-കണമല-തുലാപ്പള്ളി-പമ്പ റൂട്ടില്‍ ഇടവിട്ട് വനഭൂമിയിലൂടെ പാത പണിയാനുള്ള അനുമതി ലഭിക്കുക എളുപ്പമല്ല.
കോട്ടയത്ത് ഇതുവരെ
നിര്‍ദിഷ്ട രാമപുരം സ്റ്റേഷന് വരെയാണ് കോട്ടയം ജില്ലയില്‍ കല്ലിട്ട് തിരിച്ചിട്ടുള്ളത്. രാമപുരം സ്റ്റേഷന് പിഴക് രാമപുരം കവലയിലാണ്പരിഗണിക്കുന്നത്. പിഴക് വരെ സര്‍വേ നടത്തി കല്ലിട്ട് സ്ഥലമെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ സാമൂഹിക ആഘാത പഠനത്തിനു ശേഷം പബ്ലിക് ഹിയറിംഗ് നടത്തി മാത്രമേ സ്ഥലമെടുക്കാനാകൂ.
ജില്ലയില്‍ രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ് (പാറത്തോട്), എരുമേലി എന്നിവിടങ്ങളിലാണ് സ്റ്റേഷനുകള്‍ നിര്‍മിക്കുക.
രാമപുരം, ഭരണങ്ങാനം സ്റ്റേഷനുകള്‍ കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലും ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി സ്റ്റേഷനുകള്‍ പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലുമാണ്. രാമപുരം മുതല്‍ എരുമേലി വരെ ഏരിയല്‍ സര്‍വേ മാത്രമാണ് നടത്തിയിട്ടുള്ളത്.