പാലാ സെന്റ് തോമസ് കോളജ് ആഗോള പൂര്‍വവിദ്യാര്‍ഥി മഹാസംഗമം 27ന്
1489970
Wednesday, December 25, 2024 5:33 AM IST
പാലാ: സെന്റ് തോമസ് കോളജ് ഓട്ടോണമസിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് 27ന് കോളജ് മൈതാനത്ത് പ്രത്യേകം സജ്ജമാക്കുന്ന ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ നഗറില്‍ വിവിധ പരിപാടികളോടെ ആഗോള പൂര്‍വവിദ്യാര്‍ഥി മഹാസംഗമം നടത്തുമെന്ന് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ്, അലൂമ്നി അസോസിയേഷന് പ്രസിഡന്റ് ഡിജോ കാപ്പന്, സെക്രട്ടറി ഡോ. സാബു ഡി. മാത്യു, ജനറല്‍ കണ്‍വീനര്‍ ഡോ. ആശിഷ് ജോസഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
27നു രാവിലെ 11.30ന് മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് പതാക ഉയര്‍ത്തും. ഉച്ചകഴിഞ്ഞ് രണ്ടിന് കോളജ് കാമ്പസിലെ വ്യത്യസ്തയിടങ്ങളിലായി വിവിധ ബാച്ചുകളുടെ ഒത്തുചേരലോടെ സതീര്‍ഥ്യരുടെ കൂട്ടായ്മ ഒരു വട്ടം കൂടി നടക്കും.
കോളജിന്റെ നിര്‍മാണാരംഭത്തില്‍ ധനസഹായം നല്‍കിയവരുടെ പിന്‍തലമുറയില്‍പ്പെട്ടവര്‍, മുന്‍ മാനേജര്‍മാര്‍, മുന്‍ പ്രിന്‍സിപ്പല്‍മാര്‍, കടന്നുപോയ 75 വര്‍ഷത്തിനിടെ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ഉന്നത സ്ഥാനത്തെത്തിയ വിദ്യാര്‍ഥികള്‍ തുടങ്ങിയവരെ ആദരിക്കുന്ന ആര്‍പ്പ് എന്ന ചടങ്ങിന് 3.30ന് റിയാലിറ്റി ഷോ ജേതാവ് ആവിര്‍ഭവ് ആരംഭം കുറിക്കും. സുപ്രീം കോടതി മുന്‍ ജസ്റ്റീസ് സിറിയക് ജോസഫ് മുഖ്യപ്രഭാഷണം നടത്തും. പാലാ രൂപത മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോസഫ് ത ടത്തില്‍ അധ്യക്ഷത വഹിക്കും.
വൈകുന്നേരം അഞ്ചിന് പൊതുസമ്മേളനം. അലൂമ്നി അസോസിയേഷന് പ്രസിഡന്റ് ഡിജോ കാപ്പന് പരിചയപ്പെടുത്തലും പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ് ആമുഖ സന്ദേശവും നല്‍കും. കോളജ് രക്ഷാധികാരി ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണന് മുഖ്യസന്ദേശം നല്‍കും.
മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തും. കോളജ് ആദ്യ ബാച്ച് വിദ്യാര്‍ഥിയും സെന്റ് തോമസ് കോളജ് രസതന്ത്ര വിഭാഗം മേധാവിയുമായിരുന്ന പ്രഫ. എ.വി. ആന്റണിയും ആദ്യബാച്ചുകാരനായ പി.എം. തോമസ് പതിയിലും ചേര്‍ന്ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.
കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്, മന്ത്രി റോഷി അഗസ്റ്റിന്, മാര്‍ ജോസഫ് സ്രാമ്പിക്കല്‍, മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, ശ്രീമദ് കൈവല്യാനന്ദ സ്വാമികള്‍, എംപിമാരായ ഫ്രാന്‍സിസ് ജോര്‍ജ്, ആന്റോ ആന്റണി, ജോസ് കെ. മാണി, മാണി സി.കാപ്പന് എംഎല്‍എ, മുന്‍ എംപിമാരായ ജോയി നടുക്കര, ജോയി ഏബ്രഹാം, മുന്‍ എംഎല്‍എമാരായ കെ.സി. ജോസഫ്, പ്രഫ. വി.ജെ. ജോസഫ്, പി.സി. ജോസഫ്, ജോസഫ് വാഴയ്ക്കന്, പാലാ മുനിസിപ്പല്‍ ചെയര്മാന് ഷാജു തുരുത്തേല്‍,
ഏഴാച്ചേരി രാമചന്ദ്രന്, നാഷണല്‍ സാമ്പിള്‍ സര്‍വേ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ സുനിത ഭാസ്കര്‍, റവ.ഡോ. ജയിംസ് മംഗലത്ത്, മുനിസിപ്പല്‍ കൗണ്‍സിലര്‍ ജിമ്മി ജോസഫ് താഴത്തേല്‍ എന്നിവര്‍ പ്രസംഗിക്കും. 6.45ന് കലാസന്ധ്യയില്‍ പിന്നണി ഗായകന് ജി. വേണുഗോപാലും സംഘവും നയിക്കുന്ന ഗാനമേളയും റജി രാമപുരത്തിന്റെ മിമിക്രിയും ഉണ്ടായിരിക്കും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആഗോള പൂര്‍വവിദ്യാര്‍ഥി സംഗമത്തിനെത്തുന്നവര്ക്കുള്ള സൗകര്യങ്ങളെല്ലാം ക്രമീകരിച്ചു കഴിഞ്ഞു. ഇതിനകം നാലായിരത്തിലേറെ പേര് ഓണ്‍ലൈനായും നേരിട്ടും രജിസ്റ്റര്‍ ചെയ്തു.
ഓണ്‍ലൈന്‍ രജിസ്ട്രേഷന് 26ന് സമാപിക്കും. പാലായില്‍ വെള്ളാപ്പാട് ചെറുവള്ളില്‍ ട്രേഡേഴ്സ്, എലൈറ്റ് ഏജന്‍സീസ് ടിബി റോഡ്, വാളംപറമ്പില്‍ ഇലക്ട്രിക്കല്‍സ് എന്നിവിടങ്ങളില്‍ നേരിട്ട് പേരുകള്‍ രജിസ്റ്റര്‍ ചെയ്യാം.
അന്നേ ദിവസം രജിസ്റ്റര്‍ ചെയ്യാനെത്തുന്നവര്‍ക്കായി 150 രൂപ നല്കി സ്പോട്ട് രജിസ്ട്രേഷന് നടത്താനും ക്രമീകരണങ്ങളുണ്ടെന്ന് വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. സാല്‍വിന്‍ കാപ്പിലിപ്പറമ്പില്‍, ബര്‍സാര്‍ റവ.ഡോ. മാത്യു ആലപ്പാട്ടുമേടയില്‍, ജനറല്‍ കണ്‍വീനര്‍ ഡോ. ആശിഷ് ജോസഫ് എന്നിവര്‍ പറഞ്ഞു.