അനുഗ്രഹനിറവ് സമ്മാനിച്ച് പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷനു സമാപനം
1489672
Tuesday, December 24, 2024 6:10 AM IST
പാലാ: ദൈവാനുഗ്രഹത്തിന്റെ അഞ്ചു ദിനങ്ങള്‍ സമ്മാനിച്ച് പാലാ രൂപതയുടെ ഏറ്റവും വലിയ ആത്മീയ ആഘോഷമായ ബൈബിള്‍ കണ്വന്ഷന് സമാപിച്ചു. ആത്മാവിലും വചനത്തിലും ഉണര്‍വുള്ളവരായി വിശ്വാസിസമൂഹം ക്രിസ്മസിനായി ഒരുങ്ങി. അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡൊമിനിക് വാളന്മനാലും ടീമുമാണ് അഞ്ചു ദിനം നീണ്ട ബൈബിള്‍ കണ്വന്ഷന് നയിച്ചത്.
ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്ത കണ്‍വന്‍ഷന്റെ വിവിധ ദിനങ്ങളില്‍ രൂപതാധ്യക്ഷനും വികാരി ജനറാള്‍മാരും വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കി. ജപമാല, വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യ ആരാധന, കുമ്പസാരം, കൗണ്‍സലിംഗ്, സൗഖ്യശുശ്രൂഷ, വിടുതല്‍ ശുശ്രൂഷ എന്നിവ കോര്‍ത്തിണക്കിയായിരുന്നു കണ്വന്ഷന്. വചനത്തില്‍ അധിഷ്ഠിതമായ വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. രൂപതയുടെ പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍ യുവജനവര്‍ഷാചരണത്തിന്റെ ഭാഗമായി ബൈബിള്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് ഒരുക്കിയ യുവജനസംഗമം എല്‍-റോയ് രൂപതയിലെ പതിനായിരക്കണക്കിന് യുവജനങ്ങളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.
സമാപന ദിനമായ ഇന്നലെ ഫാ. ഡൊമിനിക് വാളന്മനാല് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ബി ഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സന്ദേശം നല്കി. ദിവ്യകാരുണ്യ ആരാധനയും ദിവ്യകാരുണ്യ പ്രദക്ഷിണവും ഉണ്ടായിരുന്നു.
സമ്മാനങ്ങള്‍ വിതരണം ചെയ്തു
കണ്‍വന്‍ഷന്റെ വിജയത്തിനു വേണ്ടി പ്രവർത്തിച്ച വ്യക്തികളെയും ഇടവകകളെയും കണ്വന്ഷന് വേദിയില്‍ ആദരിച്ചു. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സിസ്റ്റര്‍ ജെയ്സി സിഎംസി മുട്ടുചിറ, സിസ്റ്റര്‍ ബിജി എഫ്സിസി എന്നിവരും അരുണാപുരം, കുടക്കച്ചിറ, ളാലം സെന്റ് മേരീസ്, രത്നഗിരി, കത്തീഡ്രൽ, ഭരണങ്ങാനം ഇടവകകളും സമ്മാനാര്‍ഹരായി. സുവിശേഷവത്കരണ വര്‍ഷാരംഭത്തിന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ചു നടന്നു.
കണ്വന്ഷന് ശുശ്രൂഷകള്‍ക്ക് ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, രൂപത ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്, ഫാ. ആല്ബിന് പുതുപ്പറമ്പില്‍, ജോര്‍ജുകുട്ടി ഞാവള്ളില്‍, സണ്ണി പള്ളിവാതുക്കല്‍, പോള്‍സണ്‍ പൊരിയത്ത്, സെബാസ്റ്റ്യന്‍ കുന്നത്ത്, മാത്തുക്കുട്ടി താന്നിക്കല്‍, ബാബു തട്ടാംപറമ്പില്‍, സിസ്റ്റർ ലിസ പള്ളിവാതുക്കല്‍ എസ്എച്ച്, സിസ്റ്റര്‍ ടെസിന് എസ്എച്ച്, സിസ്റ്റര്‍ ആലീസ് എസ്എച്ച്, സിസ്റ്റര്‍ ടോണിയ എസ്എച്ച്, സിസ്റ്റര്‍ ലിസ എസ്എച്ച്, മാത്യു വാളിയാങ്കല്‍ എന്നിവര്‍ നേതൃത്വം നല്കി.
വചനത്തില്‍ ഊന്നിയ ക്രിസ്തീയ ജീവിതമാണ് ഏറ്റവും വലിയ സമ്പത്ത്: ഫാ. ഡൊമിനിക് വാളന്മനാല്
പാലാ: ഒരു മനുഷ്യന്റെ നിലനില്‍പ്പിനു ദൈവം നൽകിയിരിക്കുന്ന അടിസ്ഥാനമാണ് ദൈവവചനമെന്നും ദൈവവചനങ്ങളില്നിന്ന് മാറിപ്പോയാല്‍ നമ്മുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുമെന്നും ഫാ.ഡൊമിനിക് വാളന്മനാല് ഉദ്ബോധിപ്പിച്ചു. പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷനില്‍ വചനപ്രഘോഷണം നടത്തുകയായിരുന്നു അദ്ദേഹം.
എല്ലാവര്ക്കും സ്വന്തമാക്കാന്‍ കഴിയുന്ന ഈ അമൂല്യ നിധി പലപ്പോഴും നമ്മുടെ പ്രവൃത്തികളുടെ ദൂഷ്യംകൊണ്ട് വിട്ടുപോകുന്നു. ദൈവവചനം ജീവിക്കാന്‍ നമുക്കു കഴിയണം. അതു പ്രചരിപ്പിക്കാനും മറ്റുള്ളവരെ വചനത്തില്‍ ജീവിക്കാന്‍ പ്രേരിപ്പിക്കാനും നമുക്കു കഴിയണം. വചനത്തില്‍ ഊന്നിയുള്ള ഒരു ക്രിസ്തീയ ജീവിതമാണ് ഏറ്റവും വലിയ സമ്പത്ത്. വിശുദ്ധി എന്ന പുണ്യം തലമുറയെ അനുഗ്രഹിക്കും. മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം തലമുറയെ നശിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.