വൈക്കം, കങ്ങഴ സ്മാർട്ട് അങ്കണവാടികൾ 26ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
1490038
Wednesday, December 25, 2024 6:58 AM IST
കോട്ടയം: മുഖ്യമന്ത്രിയുടെ പ്രയോറിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി ശിശുവികസനവകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി ഉദയനാപുരം, കങ്ങഴ പഞ്ചായത്തുകളിൽ നിർമിച്ച സ്മാർട്ട് അങ്കണവാടികളുടെ ഉദ്ഘാടനം 26ന് ഉച്ചകഴിഞ്ഞ് 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.
കോട്ടയം ജില്ലാ പഞ്ചായത്തും വനിതാ-ശിശുവികസന വകുപ്പും ചേർന്ന് ഉദയനാപുരം പഞ്ചായത്തിലെ എട്ടാംവാർഡിൽ നിർമിച്ച 120-ാം നമ്പർ സ്മാർട്ട് അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സി.കെ. ആശ എംഎൽഎ അധ്യക്ഷത വഹിക്കും. മന്ത്രി വീണ ജോർജ് വിശിഷ്ടാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യാതിഥിയാകും. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ മുഖ്യപ്രഭാഷണം നടത്തും.
വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ ചായം പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു നിർവഹിക്കും. ന്യൂടി ഗാർഡൻ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ആനന്ദവല്ലി നിർവഹിക്കും.
അങ്കണവാടിക്ക് സ്ഥലം നൽകിയ വ്യക്തിയെ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുലോചന പ്രഭാകരൻ ആദരിക്കും. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ പി.എസ്. പുഷ്പമണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി. അനൂപ്, ഗ്രാമപഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
അങ്കണവാടി അത്യാധുനിക സൗകര്യങ്ങളോടെയാണ് നിർമിച്ചത്. വൈക്കം ബ്ലോക്ക് പഞ്ചായത്തിലെ ആദ്യ സ്മാർട്ട് അങ്കണവാടിയാണിത്. കങ്ങഴ പഞ്ചായത്തിലെ 40-ാം നമ്പർ അങ്കണവാടിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി ഓൺലൈനായി നിർവഹിക്കും.