50 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ സമ്മാനിച്ച് സ്വരുമ പാലിയേറ്റീവ് കെയറിന്റെ ക്രിസ്മസ്
1489976
Wednesday, December 25, 2024 5:33 AM IST
കുറവിലങ്ങാട്: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി അരലക്ഷത്തോളം രൂപയുടെ ഭക്ഷ്യധാന്യങ്ങൾ 50 കുടുംബങ്ങൾക്ക് സമ്മാനിച്ച് സ്വരുമ പാലിയേറ്റീവ് കെയർ സാമൂഹിക പ്രതിബദ്ധത വെളിവാക്കി.
വിവിധ വ്യക്തികളുടെ സഹകരണത്തോടെയാണ് ആയിരം രൂപയോളം വിലവരുന്ന ഭക്ഷ്യധാന്യ കിറ്റുകൾ ക്രമീകരിച്ച് നൽകിയത്. കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി, ഉഴവൂർ പഞ്ചായത്തുകളിലെ രോഗികളും നിർധനരുമായ കുടുംബങ്ങൾക്കാണ് സ്വരുമയുടെ ഇടപെടലിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് കൂടുതൽ നിറംലഭിച്ചത്.
ഓണാഘോഷവേളയിലും അരലക്ഷത്തോളം രൂപയുടെ ഭക്ഷ്യക്കിറ്റ് സ്വരുമ പൊതുജനപങ്കാളിത്തത്തോടെ സമ്മാനിച്ചിരുന്നു. ക്രിസ്മസ് കേക്ക് അടക്കമുള്ള വിഭവങ്ങളാണ് ഇക്കുറി സമ്മാനിച്ചത്. ജനപ്രതിനിധികളുടെയും സ്വരുമ വോളണ്ടിയർമാരുടെയും നേതൃത്വത്തിൽ കിറ്റുകൾ വീടുകളിലെത്തിച്ച് നൽകി.
സ്വരുമയുടെ ക്രിസ്മസ് ആഘോഷങ്ങൾ കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ദേവാലയം ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി. സ്വരുമ പാലിയേറ്റീവ് കെയർ പ്രസിഡന്റ് ഷിബി വെള്ളായിപറമ്പിൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൽഫോൻസ ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം പി.സി. കുര്യൻ, ടോമി തൊണ്ടാംകുഴി, സ്വരുമ സെക്രട്ടറി കെ.വി. തോമസ്, ട്രഷറർ ജോൺ സിറിയക് കരികുളം, കോ-ഓർഡിനേറ്റർ ബെന്നി കോച്ചേരി എന്നിവർ പ്രസംഗിച്ചു.