മുണ്ടക്കയം ബസ് സ്റ്റാൻഡിൽ ഷംസുദീന്റെ ശബ്ദം കേൾക്കാൻ തുടങ്ങിയിട്ട് അരനൂറ്റാണ്ട്
1489988
Wednesday, December 25, 2024 5:46 AM IST
മുണ്ടക്കയം: ബസ് സ്റ്റാൻഡിലെത്തുന്ന പ്രായഭേദമെന്യേ ആർക്കും സുപരിചിതമായ ശബ്ദമാണ് ഷംസുദീന്റേത്. കഴിഞ്ഞ 50 വർഷമായി മുണ്ടക്കയം ബസ് സ്റ്റാൻഡിൽ അനൗൺസ്മെന്റ് ചെയ്യുകയാണ് മുളങ്കയം കുന്നുംപുറത്ത് ഷംസുദീന് (70).
18-ാം വയസിൽ പിതാവിനെയും ജ്യേഷ്ഠനെയും സഹായിക്കാനായാണ് ഷംസുദീൻ ഈ രംഗത്തിറങ്ങുന്നത്. അന്ന് മുണ്ടക്കയത്ത് ബസ് സ്റ്റാൻഡ് ഉണ്ടായിരുന്നില്ല. റോഡിന്റെ വശങ്ങളിൽ ബസുകൾ നിർത്തിയിട്ട് ആളുകളെ കയറ്റുകയായിരുന്നു പതിവ്. ഓരോ ഭാഗത്തേക്കും പോകുന്ന ബസുകളിൽ ആളെ വിളിച്ചുകയറ്റുന്ന ജോലിയായിരുന്നു അന്ന് ചെയ്തിരുന്നത്.
ഒരു ബസിൽ നിന്നു മൂന്നു രൂപ മുതൽ അഞ്ചു രൂപ വരെയാണ് അന്ന് പ്രതിഫലം ലഭിച്ചിരുന്നത്. കാലങ്ങൾ കടന്നുപോയതോടെ മുണ്ടക്കയത്ത് ബസ് സ്റ്റാൻഡിനായുള്ള പ്രവർത്തനം ആരംഭിച്ചു.
കെ.എം. മത്തായി പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കുന്ന കാലത്ത് ബസ് സ്റ്റാൻഡ് യാഥാർഥ്യമാക്കുകയും ബസുകളിൽ യാത്രക്കാരെ വിളിച്ചു കയറ്റുന്ന ജോലി ചെയ്തിരുന്നവർക്ക് മൈക്ക് അടക്കമുള്ള സജ്ജീകരണങ്ങളും നൽകി ഹൈടെക് ആക്കുകയും ചെയ്തു.
പിന്നീട് മുണ്ടക്കയം പഞ്ചായത്ത് ബസ് സ്റ്റാൻഡിനോട് ചേർന്ന് ഷോപ്പിംഗ് കോംപ്ലക്സ് നിർമിച്ചപ്പോൾ യാത്രക്കാർക്ക് ബസുകളുടെ സമയം അറിയുന്നതിനായുള്ള ഒരു മുറി നൽകുകയായിരുന്നു. ഇപ്പോൾ മുണ്ടക്കയം ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്ക് കേട്ട് തഴമ്പിച്ച ശബ്ദമായി ഷംസുദ്ദീന്റെ സ്വരം മാറി.
ആദ്യകാലങ്ങളിൽ മുണ്ടക്കയത്ത് ബസിൽ ആളുകളെ വിളിച്ച് കയറ്റിയിരുന്ന ഹസന്ബാവയുടെയും ഈപ്പച്ചന്റെയും മക്കളായ ഷിബു ഈപ്പനും പി.എ. നസീറും സ്റ്റാൻഡിലെത്തുന്നവര്ക്ക് സഹായകരമായി ഷംസുദീനോടൊപ്പം പ്രവര്ത്തിക്കുന്നു. ബസ് ജീവനക്കാർ തമ്മിൽ തർക്കങ്ങൾ ഉണ്ടാകുമ്പോഴും യാത്രക്കാരുടെ വസ്തുക്കൾ കളഞ്ഞു പോകുമ്പോഴും മോഷണം അടക്കമുള്ള കുറ്റകൃത്യങ്ങൾ നടക്കുമ്പോഴുമെല്ലാം ഇവർ ഇടപെടാറുണ്ട്.
ഷംസുദീന്റെ കഴിഞ്ഞ 50 വർഷത്തെ പരിചയസമ്പന്നമായ സേവനത്തിലൂടെ മുണ്ടക്കയം സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്ക് ബസിന്റെ സമയവും റൂട്ടും കൃത്യമായി മനസിലാക്കി യാത്ര ചെയ്യുവാൻ ഏറെ സഹായിക്കുന്നു.