ഇ-നാട് യുവജന സഹകരണ സംഘം ഭക്ഷ്യോത്പന്ന നിര്‍മാണരംഗത്തേക്കും
1490036
Wednesday, December 25, 2024 6:58 AM IST
ഇ-നാട് ഭക്ഷ്യോത്പന്നങ്ങള്‍ സാറ്റിസ് ബൈറ്റ് വിപണിയിലേക്ക്
കോട്ടയം: യുവതലമുറയില്‍ സംരംഭക സംസ്കാരം പരിപോഷിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെയും സഹകരണ വകുപ്പിന്റെയും പ്രവര്‍ത്തനങ്ങളുടെ വിജയമാണ് ഇ-നാട് യുവജന സഹകരണ സംഘത്തിന്റെ വളര്‍ച്ചയിലൂടെ പ്രകടമാകുന്നതെന്ന് മന്ത്രി വി.എന്‍. വാസവന് പറഞ്ഞു.
ഇ-നാട് യുവജന സഹകരണ സംഘം പുറത്തിറക്കുന്ന സാറ്റിസ് ബൈറ്റ് ഭക്ഷ്യോത്പന്നങ്ങളുടെ വിപണി പ്രവേശന ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. മന്ത്രിയില്‍നിന്ന് പഴയിടം മോഹനന് നമ്പൂതിരി ഉത്പന്നങ്ങള്‍ ഏറ്റുവാങ്ങി. വ്യാപാര ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്മാന് ഇ.എസ്. ബിജു ആദ്യവില്പന നിര്‍വഹിച്ചു. ഇ-നാട് യുവജന സഹകരണസംഘം പ്രസിഡന്റ് സജേഷ് ശശി അധ്യക്ഷനായി.
ദോശമാവ്, പുളിയിഞ്ചി, വിവിധയിനം അച്ചാറുകള്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ വിപണിയില്‍ എത്തിക്കുക. ഇ-നാട് ഭക്ഷ്യോത്പന്ന നിര്‍മാണമേഖലയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് സാറ്റിസ് ബൈറ്റ് എന്ന ബ്രാന്‍ഡില്‍ ദോശമാവ്, അച്ചാറുകള്‍, പുളിയിഞ്ചി എന്നിവ വിപണിയില്‍ എത്തിക്കുന്നത്. പഴയിടം മോഹനന് നമ്പൂതിരിയുടെ മേല്‍നോട്ടത്തിലാണ് സാറ്റിസ് ബൈറ്റ് ഉത്പന്നങ്ങള്‍ ആധുനിക സാങ്കേതികവിദ്യയില്‍ ഒരുക്കിയ വെളിയന്നൂരിലെ ഇ-നാട് കാമ്പസിലെ നിര്‍മാണയൂണിറ്റില്‍ തയാറാക്കുന്നത്.
യുവജനങ്ങളുടെ സംരംഭകത്വം പ്രോത്സാഹിപ്പിക്കാനായി വെളിയന്നൂര്‍ ആസ്ഥാനമായി മാലിന്യ സംസ്കരണരംഗത്ത് പുതുമാതൃക അവതരിപ്പിച്ചാണ് ഇ-നാട് യുവജന സഹകരണസംഘം പ്രവര്‍ത്തനം ആരംഭിച്ചത്.