ദേശീയ 3x3 ബാസ്കറ്റ്ബോൾ സെന്റ് ഡൊമിനിക്സ് കോളജിൽ
1489677
Tuesday, December 24, 2024 6:10 AM IST
കാഞ്ഞിരപ്പള്ളി: അഖിലേന്ത്യാ തലത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന അന്തർ സർവകലാശാല 3x3 പുരുഷ, വനിതാ ബാസ്കറ്റ്ബോൾ മത്സരം 27 മുതൽ 31 വരെ സെന്റ് ഡൊമിനിക്സ് കോളജിൽ നടക്കും.
മഹാത്മാഗാന്ധി സർവകലാശാലയാണ് ആതിഥ്യം വഹിക്കുന്നത്. ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ സി.ടി. അരവിന്ദ് കുമാർ അധ്യക്ഷത വഹിക്കും. കോളജ് രക്ഷാധികാരിയും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനുമായ മാർ ജോസ് പുളിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തും. 31നു നടക്കുന്ന സമാപന സമ്മേളനത്തിൽ മന്ത്രി വി.എൻ. വാസവൻ സമ്മാനങ്ങൾ വിതരണം ചെയ്യും.
ദേശീയ ഇന്റർ യൂണിവേഴ്സിറ്റി മത്സരങ്ങളിൽ ആദ്യമായാണ് 3x3 ബാസ്കറ്റ്ബോൾ മത്സരം ഉൾപ്പെടുത്തുന്നത്. ഈ മത്സരത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ജർമനിയിൽ നടക്കാനിരിക്കുന്ന വേൾഡ് യൂണിവേഴ്സിറ്റി മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്ന ടീമിനെ തെരഞ്ഞെടുക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി അറുപതിലധികം ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.
സെന്റ് ഡൊമിക്സ് കോളജിന്റെ വജ്രജൂബിലിയോടനുബന്ധിച്ചാണ് ദേശീയ അന്തർ സർവകലാശാല മത്സരം കോളജിൽ നടത്താൻ ആതിഥേയരായ എംജി യൂണിവേഴ്സിറ്റി നിശ്ചയിക്കുന്നത്. കാഞ്ഞിരപ്പള്ളി മേഖലയിൽ ആദ്യമായി നടക്കുന്ന ദേശീയതല ബാസ്കറ്റ്ബോൾ മത്സരത്തെ കായികപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുകയാണ്.
സായാഹ്നങ്ങളിൽ കേരളസംസ്കാരവും പ്രാദേശികത്തനിമയും പ്രകാശിപ്പിക്കുന്ന കലാപരിപാടികളും അവതരണങ്ങളും ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു. മത്സരങ്ങൾ വീക്ഷിക്കുന്നതിനും ആസ്വദിക്കുന്നതിനും എല്ലാ കായികപ്രേമികൾക്കും നാട്ടുകാർക്കും അവസരമുണ്ടായിരിക്കും.
ആന്റോ ആന്റണി എംപി, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ, മാനേജർ ഫാ. വർഗീസ് പരിന്തിരിക്കൽ, ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ, ബ്ലോക്ക് പഞ്ചായത്തംഗം ടി.ജെ. മോഹനൻ, പഞ്ചായത്തംഗം ഷാലിമ്മ ജയിംസ്, വിരമിച്ച ജീവനക്കാരുടെ പ്രതിനിധി പ്രഫ. സി.എ. തോമസ്, മർച്ചന്റ്സ് അസോസിയേഷൻ പാറത്തോട് യൂണിറ്റ് പ്രസിഡന്റ് അസീസ് കൊച്ചുവീട്ടിൽ, സെക്രട്ടറി ബിജി കമാൽ, പിടിഎ വൈസ് പ്രസിഡന്റ് എലിസബത്ത് അലക്സ്, യൂണിയൻ ചെയർമാൻ ഫെബിൻ ജോസ് ആന്റണി സമ്മേളനത്തിൽ പങ്കെടുക്കും.
കോളജ് മാനേജർ ഫാ. വർഗീസ് പരിന്തിരിക്കൽ, ജനറൽ കൺവീനറും പ്രിൻസിപ്പലുമായ ഡോ. സീമോൻ തോമസ്, കോളജ് ബർസാർ റവ.ഡോ. മനോജ് ജോസഫ്, പബ്ലിസിറ്റി കൺവീനർ ബിനോ പി. ജോസ്, ചാന്പ്യൻഷിപ്പ് കൺവീനർ പ്രവീൺ തര്യൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.