ഡ്രൈവറെ മർദിച്ചു; തീർഥാടകർ റോഡ് ഉപരോധിച്ചു
1489681
Tuesday, December 24, 2024 6:10 AM IST
എരുമേലി: ശബരിമല തീർഥാടക വാഹനത്തിന്റെ ഡ്രൈവറെ മർദിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അയ്യപ്പഭക്തർ റോഡ് ഉപരോധിച്ച് നടത്തിയ പ്രതിഷേധംമൂലം അര മണിക്കൂറോളം ഗതാഗതം മുടങ്ങി. പ്രതികളെ പിടികൂടാമെന്ന് പോലീസ് ഉറപ്പ് നൽകിയതോടെയാണ് ഉപരോധം അവസാനിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാരിൽ ചിലരെ പോലീസ് കസ്റ്റഡിയിലെടുത്ത് കേസെടുത്ത ശേഷം ജാമ്യത്തിൽ വിട്ടു. ഇന്നലെ രാവിലെ എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിന് മുന്നിലാണ് ഒരു സംഘം അയ്യപ്പ ഭക്തർ റോഡിൽ ഇരുന്ന് ഉപരോധ സമരം നടത്തിയത്.
ബസ് സ്റ്റാൻഡ് റോഡിൽ എത്തിയ ശബരിമല തീർഥാടകവാഹനം തടഞ്ഞ് ചിലർ ഡ്രൈവറെ അകാരണമായി മർദിച്ചെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. റോഡിൽ വാഹനം വിലങ്ങനെ ഇട്ടാണ് അയ്യപ്പഭക്തരുടെ വാഹനം തടഞ്ഞു നിർത്തി കൈയേറ്റമുണ്ടായത്. വാഹനം റോഡിലിട്ട് ഈ സംഘം സ്ഥലംവിട്ടതോടെ അയ്യപ്പഭക്തർ തങ്ങളുടെ വാഹനവും റോഡിൽ നിർത്തിയിട്ട് ഉപരോധസമരം ആരംഭിക്കുകയായിരുന്നു.
എരുമേലി പോലീസ് എസ്എച്ച്ഒ ഇ.ഡി. ബിജു സ്ഥലത്തെത്തി സംഭവത്തിൽ കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പ് നൽകിയതോടെ സമരം നിർത്തി ഭക്തർ പിന്മാറി. ഇതോടെയാണ് ഗതാഗതം പുനരാരംഭിച്ചത്.