കുന്നോന്നിയുടെ ആത്മീയ മണ്ഡലത്തിലേക്ക് കുറവിലങ്ങാട് മുത്തിയമ്മയും
1489973
Wednesday, December 25, 2024 5:33 AM IST
കുന്നോന്നി: നാടിന്റെ ആത്മീയതയ്ക്ക് മാതൃഭക്തിയുടെ കരുത്ത് ശക്തമാക്കാൻ കുറവിലങ്ങാട് മുത്തിയമ്മയുടെ മധ്യസ്ഥതയും ഇനി കുന്നോന്നിക്കും സ്വന്തമാകുന്നു. ലോകചരിത്രത്തിൽ തന്നെ ആദ്യമായി പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെട്ട (എഡി 335) കുറവിലങ്ങാടുനിന്ന് മുത്തിയമ്മയുടെ തിരുസ്വരൂപം നാളെ കുന്നോന്നി സെന്റ് ജോസഫ് പള്ളിയിലെത്തിക്കും.
നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് സെന്റ് ജോസഫ് പള്ളി വികാരി ഫാ. മാത്യു പീടികയിലിന്റെ നേതൃത്വത്തിൽ കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ദേവാലയത്തിലെത്തി കുറവിലങ്ങാട്ടെ വിശ്വാസസമൂഹത്തിനൊപ്പം വിശുദ്ധ കുർബാന അർപ്പിക്കും.
തുടർന്ന് ആർച്ച്പ്രീസ്റ്റ് റവ. ഡോ. ആഗസ്റ്റിൻ കുട്ടിയാനിയിൽ വെഞ്ചരിച്ച് മുത്തിയമ്മയുടെ തിരുസ്വരൂപം കൈമാറും. തുടർന്ന് നിരവധി വാഹനങ്ങളുട അകമ്പടിയോടെ കുന്നോന്നിയിലേക്ക് തിരുസ്വരൂപപ്രയാണം. പാലാ, ഭരണങ്ങാനം, അരുവിത്തുറ, പൂഞ്ഞാർ വഴിയാണ് തിരുസ്വരൂപ പ്രയാണം.
വൈകുന്നേരം 5.45ന് കുന്നോന്നി പള്ളിയിലെത്തിക്കുന്ന മുത്തിയമ്മയുടെ തിരുസ്വരൂപം ആഘോഷമായി പ്രത്യേക ഗ്രോട്ടോയിൽ പ്രതിഷ്ഠിക്കും. തിരുസ്വരൂപത്തെ കുറവിലങ്ങാട് ഇടവകയിൽ നിന്നുള്ള പ്രതിനിധികളും അനുഗമിക്കും.
എറണാകുളം സ്വദേശിയാണ് ആറടി ഉയരത്തിൽ തടിയിൽ കുറവിലങ്ങാട് മുത്തിയമ്മയുടെ തിരുസ്വരൂപം തയാറാക്കിയത്.