ശബരിമല തീർഥാടകരുടെ വാഹനമിടിച്ച് കാട്ടുപോത്ത് ചത്തു
1489967
Wednesday, December 25, 2024 5:33 AM IST
മുണ്ടക്കയം: മുണ്ടക്കയം - കോരുത്തോട് ശബരിമല പാതയിൽ പനക്കച്ചിറ പാലത്തിന് സമീപം തേക്കിൻകൂപ്പിൽ തീർഥാടകരുടെ വാഹനമിടിച്ച് കാട്ടുപോത്ത് ചത്തു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. വണ്ടൻപതാൽ തേക്കിൻകൂപ്പിൽനിന്നു റോഡിലേക്ക് ഓടിയിറങ്ങിയ കാട്ടുപോത്തിനെ തീർഥാടകരുടെ വാഹനം ഇടിക്കുകയായിരുന്നു.
കാനന പാതയിലൂടെ പോകുന്ന തീർഥാടകരെ സത്രത്തിൽ ഇറക്കിയശേഷം പമ്പയ്ക്കുപോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. കാട്ടുപോത്തിനെ ഇടിച്ചതിനെത്തുടർന്ന് വാഹനം റോഡിൽ വട്ടം മറിഞ്ഞു. വാഹനത്തിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ഡ്രൈവർ കുംഭകോണം സ്വദേശി മണികണ്ഠന് പരിക്കേറ്റു.
വാഹനത്തിനും കേടുപാട് സംഭവിച്ചു. വാഹനം ഇടിച്ചതിനെത്തുടർന്ന് കാട്ടുപോത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടത്തിൽപ്പെട്ട കാട്ടുപോത്ത് റോഡിൽ കിടന്നതോടെ മുണ്ടക്കയം-കോരുത്തോട് റോഡിൽ ഏറെനേരം ഗതാഗതവും തടസപ്പെട്ടു. വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും നാട്ടുകാരും ചേർന്ന് ഏറെനേരം പരിശ്രമിച്ചാണ് കാട്ടുപോത്തിനെ റോഡിന്റെ വശത്തേക്ക് മാറ്റിക്കിടത്തിയത്.
കാലിനു ഗുരുതരമായി പരിക്കേറ്റ കാട്ടുപോത്തിനെ തുടർ ചികിത്സയ്ക്കായി തേക്കടിയിലേക്ക് മാറ്റാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് കാട്ടുപോത്ത് ചത്തത്. കാട്ടുപോത്തിന്റെ ജഡം മറവ് ചെയ്യാൻ വനംവകുപ്പിന്റെ നേതൃത്വത്തിൽ നടപടികൾ ആരംഭിച്ചു. മേഖലയിൽ മുമ്പും കാട്ടുപോത്തിന്റെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്. പലപ്പോഴും രാത്രികാലങ്ങളിൽ വാഹന യാത്രക്കാർ വലിയ അപകടത്തിൽനിന്നു തലനാരിഴക്കാണ് രക്ഷപ്പെടുന്നത്.
ഇന്നലെ രാവിലെ പശ്ചിമയിലെ ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. പശ്ചിമ കുബളവയലിൽ റിജേഷിന്റെ വീടിന്റെ സമീപത്ത് കാട്ടുപോത്ത് എത്തിയിരുന്നു. പതിവായി ജനവാസ മേഖലയിൽ കാട്ടുപോത്ത് എത്താറുണ്ടെന്നും ബഹളമുണ്ടാക്കി തിരിച്ചയക്കുകയാണ് ചെയ്യുന്നതെന്ന് നാട്ടുകാർ പറയുന്നു.