പള്ളികളില്‍ തിരുപ്പിറവിയുടെ ശുശ്രൂഷകൾ
1489703
Tuesday, December 24, 2024 6:39 AM IST
കോട്ടയം: ക്രിസ്തുവിന്റെ ജനനത്തെ അനുസ്മരിച്ച് ഇന്ന് പള്ളികളില്‍ തിരുപ്പിറവിയുടെ ശുശ്രൂഷകളും പാതിരാകുര്‍ബാനയും നടക്കും. മനോഹരമായ പുല്‍ക്കൂടും ക്രിസ്മസ് ട്രീകളുമാണ് പള്ളിക ളില്‍ ഒരുക്കിയിരിക്കുന്നത്. ഉണ്ണിയേശുവിന്റെ തിരുസ്വരൂപം വഹിച്ചുള്ള പ്രദക്ഷിണം, ഉണ്ണിയേശുവിനെ തീകായല്‍ എന്നിവ തിരുക്കര്‍മങ്ങളുടെ ഭാഗമായി നടക്കും. ഭക്ത സംഘടനകളുടെ നേതൃത്വത്തില്‍ കാരള്‍ സംഘങ്ങളും കാരള്‍ ഗാന മത്സരവും കരിമരുന്നു കലാപ്രകടനവുമായി തിരുപ്പിറവി രാവിനെ ആഘോഷരാവാക്കും.
ചങ്ങനാശേരി സെന്റ് മേരീസ് മെത്രോപ്പോലീത്തന്‍ കത്തീഡ്രലില്‍ രാത്രി 12ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ തിരുപ്പിറവിയുടെ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുകയും വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയും ചെയ്യും. കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ രാത്രി 10ന് ക്രിസ്മസ് തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് തിരുക്കര്‍മങ്ങളില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
പാലാ സെന്റ് തോമസ് കത്തീഡ്രലില്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിറവിയുടെ ശുശ്രൂഷകളില്‍ മുഖ്യകാര്‍മികത്വം വഹിക്കുകയും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്യും. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലില്‍ ബിഷപ് മാര്‍ ജോസ് പുളിക്കല്‍ തിരുപ്പിറവിയുടെ ശുശ്രൂഷകളില്‍ മുഖ്യകാര്‍മികത്വം വഹിക്കുക്കയും പാതിരാകുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിക്കുകയും ചെയ്യും.
കോട്ടയം വിമലഗിരി കത്തീഡ്രലില്‍ ഇന്ന് രാത്രി 10ന് ക്രിസ്മസ് തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ തിരുക്കര്‍മങ്ങള്‍ക്കും സമൂഹബലിക്കും മുഖ്യകാര്‍മികത്വം വഹിക്കും. യാക്കോബായ സുറിയാനി സഭയുടെ പള്ളികളില്‍ ഇന്നു വൈകുന്നേരം 6.30നു നമസ്കാരത്തോടെ ശുശ്രൂഷകള്‍ ആരംഭിക്കും. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പള്ളികളില്‍ ഇന്നു വൈകുന്നേരം നമസ്കാരവും നാളെ പുലര്‍ച്ചെ ക്രിസ്മസ് ശുശ്രൂഷയും നടക്കും.
മണര്‍കാട് കത്തീഡ്രലില്‍ ശുശ്രൂഷകള്‍ക്ക് മാത്യൂസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത കാര്‍മികത്വം വഹിക്കും. സുന്നഹദോസ് സെക്രട്ടറി തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത കഞ്ഞിക്കുഴി സെന്റ് ജോര്‍ജ് ചാപ്പലില്‍ ശുശ്രൂഷയില്‍ പങ്കെടുക്കും.