ശബരി എയര്‍പോര്‍ട്ട്: അന്തിമ റിപ്പോര്‍ട്ട് ശനിയാഴ്ച സമര്‍പ്പിക്കും
1489969
Wednesday, December 25, 2024 5:33 AM IST
കോട്ടയം: എരുമേലി ശബരി വിമാനത്താവളം നിര്‍മാണത്തിന് മുന്നോടിയായി തൃക്കാക്കര ഭാരത് മാതാ കോളജ് സോഷ്യോളജി വകുപ്പ് തയാറാക്കിയ സാമൂഹികാഘാത പഠന റിപ്പോര്‍ട്ട് ശനിയാഴ്ച ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കും. സര്‍ക്കാര്‍ തലത്തില്‍ വിദഗ്ധ സമിതി റിപ്പോര്‍ട്ട് പരിശോധിച്ചശേഷം അനന്തര നടപടികളെടുക്കും.
എയര്‍പോര്‍ട്ടിന് സ്ഥലം വിട്ടുകൊടുക്കേണ്ടവരെയും പ്രദേശവാസികളെയും നേരില്‍ സന്ദര്‍ശിച്ചതു കൂടാതെ എരുമേലിയിലും മുക്കടയിലും പൊതുയോഗങ്ങള്‍ നടത്തി ജനഹിതം ആരാഞ്ഞിരുന്നു. നിര്‍മാണ നടപടികളില്‍ സര്‍ക്കാരിന് മുന്‍പു സംഭവിച്ച വീഴ്ചകളിലും കാലതാമസത്തിലും ഒട്ടേറെ പേര് ആശങ്ക രേഖപ്പെടുത്തിയിരുന്നു.
നഷ്ടപരിഹാരം, പുനരധിവാസം, തൊഴില്‍ തുടങ്ങിയവയില്‍ വ്യക്തത വരാത്തതിലും ജനങ്ങള്‍ക്ക് ആശങ്കയുണ്ട്. പ്രദേശത്തിന്റെ വികസനത്തിന് എയര്‍പോര്‍ട്ട് നിര്‍മിക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ല. എന്നാല്‍ സ്ഥലം വിട്ടുകൊടുക്കേണ്ടവര്ക്ക് ഒന്നര വര്‍ഷമായി പല തരത്തിലുള്ള ദുരിതമാണ് നേരിടുന്നത്.
കൃഷി ചെയ്യാനോ സ്ഥലം വില്‍ക്കാനോ ലോണെടുക്കാനോ സാധിക്കുന്നില്ല. ലോണെടുത്തവര്‍ക്ക് കടം തിരിച്ചടക്കാന്‍ വരുമാനവുമില്ല. വീടുകള്‍ നഷ്ടപ്പെടുന്നവര്‍ക്കും ആശങ്ക വലുതാണ്.