വനനിയമ ഭേദഗതി: ആശങ്കയൊഴിയാതെ മലയോരം
1489702
Tuesday, December 24, 2024 6:39 AM IST
കോട്ടയം: വിവിധ തലങ്ങളില്‍ പ്രതിഷേധം ശക്തമായതോടെ വന നിയമ ഭേദഗതി കരട് ബില്‍ തത്കാലം മാറ്റിവച്ചെങ്കിലും നിയമം കൂടുതല്‍ കര്‍ക്കശമാക്കുന്നതിനുള്ള ആലോചനകള്‍ അണിയറയില്‍ സജീവം.
തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വലിയ തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയിലാണ് തത്കാലം വന നിയമ പരിഷ്കാരം മരവിപ്പിച്ചത്. വനത്തിനുള്ളിലേക്കുള്ള പ്രവേശനം പൂര്‍ണമായി തടയാനും പിഴ കാല്‍ലക്ഷമായി വര്‍ധിപ്പിക്കാനും വിധം ബില്ലിന്റെ ഡ്രാഫ്റ്റ് തയാറാക്കാന്തന്നെയാണ് തീരുമാനം. മാത്രവുമല്ല വ്യക്തിശത്രുതയുടെ പേരില്‍ അറസ്റ്റ് ചെയ്യാനും കസ്റ്റഡിയില്‍ വയ്ക്കാനും വനം ഗാര്‍ഡുകള്‍ക്കു വരെ അനുമതി നല്കുന്ന വകുപ്പുകളാണ് പരിഗണനയില്‍.
കര്‍ഷകര്‍ക്കും വനവാസികള്‍ക്കും വനാതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്കും ആശങ്കയുളവാക്കുന്ന നിയമങ്ങളാണ് ഘട്ടംഘട്ടമായി നടപ്പാക്കുക. വനത്തിലെ ജലസ്രോതസുകള്‍ ഉപയോഗിക്കാനും മീന്‍ പിടിക്കാനുമുള്ള അവകാശവും നഷ്ടപ്പെടും. ആദിവാസികള്‍ക്ക് ഈറ്റ, മുള, പച്ചമരുന്ന് തുടങ്ങിയവ ശേഖരിക്കുന്നതിനും നിരോധനമുണ്ടാകും. വന്യമൃഗശല്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മൃഗങ്ങളെ വനത്തില്‍ നിർത്താനുള്ള സംവിധാനമൊരുക്കാത്ത സര്‍ക്കാര്‍ വനാതിര്‍ത്തിയില്‍ താമസിക്കുന്നവരുടെ ജീവിതം തടസപ്പെടുത്തുന്ന നിയമം പാസാക്കുകയാണ്. പൊതുജനവികാരം ഇത്രയേറെ ശക്തമായതിലും സമുദായനേതാക്കള്‍ ശക്തമായി പ്രതിഷേധിച്ചതിലുമുള്ള അതൃപ്തി വനംമന്ത്രി എ.കെ. ശശീന്ദ്രന് പ്രതികരിച്ചിരുന്നു. കോട്ടയം ജില്ലയില്‍ 12 ഗ്രാമ പഞ്ചായത്തുകളിലെ അര ലക്ഷത്തോളം പേരെയാണ് പുതിയ നിയമം ദോഷകരമായി ബാധിക്കുക.
വിജ്ഞാപനം ഇറക്കിയത് വസ്തുതകള്‍ മനസിലാക്കാതെ: കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി
കോട്ടയം: വനനിയമ ഭേദഗതി വസ്തുതകള്‍ മനസിലാക്കാതെയാണ് വിജ്ഞാപനം ഇറക്കിയതെന്ന് കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി. വനനിയമ ഭേദഗതിയില്‍ വസ്തുതകള്‍ പരിശോധിക്കാതെയാണ് വിവാദം ഉയര്‍ത്തുന്നതെന്ന വനം മന്ത്രിയുടെ പ്രസ്ഥാവനയോട് പ്രതികരിക്കുകയായിരുന്നു ഫ്രാന്‍സിസ് ജോര്‍ജ് എംപി. വന്യമൃഗശല്യത്താല്‍ ദുരിതം അനുഭവിക്കുന്ന മലയോര കര്‍ഷകരെ മനുഷ്യരായി പരിഗണിക്കാതെ, വനംവകുപ്പിന് പരമാധികാരം നല്കി പിണറായി സര്‍ക്കാര്‍ കേരള ഫോറസ്റ്റ് ആക്ട് ഭേദഗതി ചെയ്ത് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്.
നിലവില്‍ വനം വകുപ്പിന് വനത്തിലാണ് അധികാരമെങ്കില്, ക്രമസമാധാന പ്രശ്നം ഉയര്‍ത്തി പോലീസിന്റെഅധികാരങ്ങള് കൂടി വനംവകുപ്പിലേക്ക് ലഭിക്കുന്ന ഭേദഗതി വനം വകുപ്പിന്റെ സമാന്തര ഭരണകൂടം സൃഷ്ടിക്കാനുള്ള ഗൂഢ നീക്കമാണ്.
മനുഷ്യത്വ വിരുദ്ധവും കര്‍ഷകരെ പ്രതികൂലമായ ബാധിക്കുന്നതുമായ പുതിയ നിയമ ഭേതഗതി ഒരു കരണവശാലും നടപ്പാക്കരുതെന്നും ഫ്രാന്‍സിസ് ജോര്‍ജ് ആവശ്യപ്പെട്ടു.