ക്രിസ്മസ്, ചന്ദനക്കുടം, ചിറപ്പ് : ചങ്ങനാശേരിയില്‍ മൈത്രിയുടെ ആഘോഷസംഗമം
1490044
Wednesday, December 25, 2024 7:08 AM IST
ചങ്ങനാശേരി: ക്രിസ്മസ്, ചന്ദനക്കുടം, ചിറപ്പ് ആഘോഷങ്ങള്‍ ചങ്ങനാശേരിയില്‍ മൈത്രിയുടെ ആഹ്ലാദസംഗമം. ലോകമാസകലം ക്രൈസ്തവരടക്കമുള്ള ജനത ഇന്ന് ക്രിസ്മസ് ആഘോഷിക്കും. ഇന്ന് പുലര്‍ച്ചെ ദേവാലയങ്ങളില്‍ യേശുവിന്റെ തിരുപ്പിറവി അനുസ്മരണ ശുശ്രൂഷകള്‍ നടന്നു. തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളിയിലെ ശുശ്രൂഷകള്‍ക്ക് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികനായിരുന്നു.
ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയിലെ ശുശ്രൂഷകള്‍ക്ക് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
ചങ്ങനാശേരി ചന്ദനക്കുടം ഇന്നും നാളെയും
മധ്യതിരുവിതാംകൂറിലെ പ്രസിദ്ധമായ ചങ്ങനാശേരി പൂതൂര്‍പ്പള്ളി 223-ാമത് ചന്ദനക്കുടം ദേശീയാഘോഷം ഇന്നും നാളെയും നടക്കും. ഇന്നു വൈകിട്ട് അഞ്ചിന് നടക്കുന്ന മാനവമൈത്രീസംഗമം കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും. ജമാഅത്ത്പ്രസിഡന്റ് പി.എസ്.എം ബഷീര്‍ അധ്യക്ഷത വഹിക്കും.
ജോബ് മൈക്കിള്‍ എഎല്‍എ, നഗരസഭ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന്, നഗരസഭാ വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ്, പഴയപള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എസ്.എം. ഫൂവാദ്, എന്‍എസ്എസ് താലൂക്ക് യൂണിയന് പ്രസിഡന്റ് ഹരികുമാര്‍ കോയിക്കല്‍, പ്രത്യാശ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി, എസ്എന്‍ഡിപി താലൂക്ക് യൂണിയന് പ്രസിഡന്റ് ഗിരീഷ് കോനാട്ട്,
ചങ്ങനാശേരി കാവില്‍ ഭഗവതി ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് അഡ്വ.എസ്. അനില്‍കുമാര്‍, നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ ഉഷാ മുഹമ്മദ് ഷാജി എന്നിവര്‍ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് ചന്ദനക്കുടം ഘോഷയാത്ര ആരംഭിക്കും. വിവിധ കേന്ദ്രങ്ങളില്‍ ഇന്നും നാളെയും ഘോഷയാത്രയ്ക്ക് സ്വീകരണം നല്‍കും. ഇന്നും നാളെയും രാത്രി പുതൂര്‍പ്പള്ളി മൈതാനത്ത് വിവിധ കലാപരിപാടികള്‍ അരങ്ങേറും.
കാവില്‍ ക്ഷേത്രത്തില്‍ ഉത്സവം
ചങ്ങനാശേരി കാവില്‍ ഭഗവതീ ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം നാലിന് ഓട്ടന്തുള്ളല്, രാത്രി ഏഴിന് ചന്ദക്കുടം ഘോഷയാത്രയ്ക്ക് സ്വീകരണം. നാളെ ഉച്ചകഴിഞ്ഞ് 3.30ന് പഞ്ചാരിമേളം. രാത്രി 8.30ന് ആറാട്ട് സ്വീകരണം. പാണ്ടിമേളം.