കൂട്ടിക്കല്‍ സെന്റ് ജോര്‍ജ് ഇടവക ശതാബ്ദി സമാപനം നാളെ
1489972
Wednesday, December 25, 2024 5:33 AM IST
കൂട്ടിക്കല്‍: സെന്റ് ജോര്‍ജ് ഇടവകയുടെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനം നാളെ നടക്കുമെന്ന് വികാരി ഫാ. ജോസഫ് വടക്കേമംഗലത്ത് അറിയിച്ചു. പാലാ രൂപതയുടെ കിഴക്കന്‍ മേഖലയിലെ പ്രധാന കുടിയേറ്റ കേന്ദ്രമായിരുന്ന കൂട്ടിക്കല്‍ പ്രദേശത്ത് 1924ലാണ് സെന്റ് ജോര്‍ജ് ഇടവക സ്ഥാപിതമായത്.
2016 ഡിസംബര്‍ 17ന് ഏന്തയാര്‍, പറത്താനം, മലയിഞ്ചിപ്പാറ, വേലനിലം, ചോലത്തടം, കാവാലി എന്നീ ഇടവകകള്‍ ഉള്‍പ്പെടുത്തി കൂട്ടിക്കല്‍ സെന്റ് ജോര്‍ജ് പള്ളി ഫൊറോനയായി ഉയര്‍ത്തപ്പെട്ടു. ഇപ്പോള്‍ 330 കുടുംബാംഗങ്ങള്‍ ഇടവകയുടെ കീഴിലുണ്ട്.
ശതാബ്ദി ആഘോഷ സമാപനത്തിന്റെ ഭാഗമായി നാളെ ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന കൃതജ്ഞതാബലിക്ക് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് കാര്‍മികത്വം വഹിക്കും. വൈകുന്നേരം അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും.
സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, വികാരി ഫാ. ജോസഫ് വടക്കേമംഗലത്ത്, കൂട്ടിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് മുണ്ടുപാലം, മുന്‍ വികാരി ഫാ. കുര്യന് കാലായില്‍, അസി. വികാരി ഫാ. ജോസ് കുഴിഞ്ഞാലില്‍, സിസ്റ്റര്‍ ജാസ്മിന് എഫ്സിസി, വാര്‍ഡ് മെംബര്‍ ജെസി ജോസ് അരിമറ്റം, ഇടവക പ്രതിനിധി പി.എസ്. മാത്യു പുറപ്പന്താനം എന്നിവര്‍ പ്രസംഗിക്കും.