വർണക്കാഴ്ചകളൊരുക്കി ശാന്തിദൂത് മഹാറാലി
1489682
Tuesday, December 24, 2024 6:10 AM IST
കാഞ്ഞിരപ്പള്ളി: നൂറുകണക്കിന് ക്രിസ്മസ് പപ്പമാരും കുഞ്ഞുമാലാഖമാരും അണിനിരന്ന് ക്രിസ്മസിന്റെ വർണക്കാഴ്ചകളൊരുക്കി ശാന്തിദൂത് റാലി. ക്രിസ്മസിനെ വരവേൽക്കാൻ കാഞ്ഞിരപ്പള്ളി എസ്എംവൈഎം സംഘടിപ്പിച്ച ശാന്തിദൂതിനോടനുബന്ധിച്ചാണ് പ്രതീക്ഷയുടെ സന്ദേശവുമായി മഹാറാലി നടന്നത്.
സീനിയർ, ജൂണിയർ പപ്പാ മത്സരങ്ങളിൽ നിരവധി ക്രിസ്മസ് പപ്പാമാരാണ് പങ്കെടുത്തത്. പഴയപള്ളിയിൽനിന്ന് ആരംഭിച്ച മഹാറാലി കത്തീഡ്രലിൽ സമാപിച്ചു. റാലിയിൽ അവതരിപ്പിച്ച ക്രിസ്മസ് ഫ്ളോട്ടുകൾ കാഴ്ചക്കാർക്ക് ദൃശ്യവിരുന്നേകി. തുടർന്ന് മഹാജൂബിലി ഹാളിൽ നടന്ന സമ്മേളനം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു.
ആർച്ച്പ്രീസ്റ്റും കത്തീഡ്രൽ വികാരിയുമായ ഫാ. വർഗീസ് പരിന്തിരിക്കൽ അധ്യക്ഷത വഹിച്ചു.
സിനിമാതാരം സിജു വിൽസൺ മുഖ്യാതിഥിയായിരുന്നു. രാത്രി ഏഴിന് ക്രിസ്മസ് മ്യൂസിക് നൈറ്റും കത്തീഡ്രൽ ഇടവകയിലെ 400 കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന കലാസന്ധ്യയും നടത്തി.