കടുത്തുരുത്തി ടൂറിസം ഫെസ്റ്റിന് ഇന്ന് തുടക്കമാകും
1489687
Tuesday, December 24, 2024 6:39 AM IST
കടുത്തുരുത്തി: കടുത്തുരുത്തി ടൂറിസം ഫെസ്റ്റിന് ഇന്ന് തുടക്കമാകും. ഏഴഴക് വിടര്‍ത്തുന്ന എഴുമാന്തുരുത്തിലേക്ക് വരൂ... ആടാം പാടാം. സമ്മാനവും നേടാം. ഗ്രാമീണ കാഴ്ചയുടെ വേറിട്ട വിരുന്നൊരുക്കി മൂന്നാമത് കടുത്തുരുത്തി ടൂറിസം ഫെസ്റ്റ് ഇന്നുമുതല്‍ 31 വരെ എഴുമാന്തുരുത്തില്‍ നടക്കും. ഗ്രാമോത്സവത്തിലൂടെ വിനോദ സഞ്ചാര മേഖലയില്‍ ജനപങ്കാളിത്തത്തോടെ വേറിട്ട മാതൃക സൃഷ്ടിക്കുകയാണ് എഴുമാന്തുരുത്ത് ഗ്രാമം.
കടുത്തുരുത്തി പഞ്ചായത്ത്, സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷന് സൊസൈറ്റി, ഡിടിപിസി, എഴുമാന്തുരുത്ത് ടൂറിസം ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ടൂറിസം ഫെസ്റ്റ് (ഗ്രാമോത്സവം) നടത്തുന്നത്. ഇന്ന് വൈകുന്നേരം നാലിന് ഫെസ്റ്റിന്റെ ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവന് നിര്‍വഹിക്കും. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കും. രാത്രി എട്ട് മുതല്‍ ഗാനമേള.
ഫെസ്റ്റ് നഗരിയില്‍ ദിവസവും രാവിലെ എട്ട് മുതല്‍ മത്സരങ്ങളും വൈകൂന്നേരം ആറു മുതല്‍ കലാപരിപാടികളും നടക്കും. സ്കൂള്‍ വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും വിവിധ കലാപരിപാടികളും വേദിയില്‍ അരങ്ങേറും. ഫെസ്റ്റിലെ എല്ലാ മത്സരങ്ങളിലും വിജയിക്കുന്നവര്‍ക്കെല്ലാം കൈനിറയെ സമ്മാനവുമുണ്ട്. നാളെ രാത്രി ഏഴിന് കരോള്‍ഗാന മത്സരം. 26, 27 തീയതികളില്‍ വൈകുന്നേരം ആറ് മുതല്‍ ആടാം പാടാം എന്ന പേരില്‍ ഫെസ്റ്റ് കേന്ദ്രത്തിലെ വേദിയില്‍ വിവിധ നാടന്‍ കലാപരിപാടികള്‍ അവതരിപ്പിക്കാനുള്ള അവസരവും കലാകാരന്മാര്ക്കായി ഒരുക്കിയിട്ടുണ്ട്.
പ്രായഭേദമെന്യേ ആര്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കാം. 29 -ന് രാത്രി എട്ടിന് ഗാനമേള. 30 -ന് ഉച്ചകഴിഞ്ഞ് മൂന്നിന് രണ്ട് തുഴച്ചില്‍കാര്‍ പങ്കെടുക്കുന്ന കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പ് നടക്കും. 31 -ന് പകല്‍ രണ്ടിന് അഞ്ച് പേര് തുഴയുന്ന വനിതകളുടെയും 10 പേര് തുഴയുന്ന പുരുഷന്മാരുടെയും വള്ളംകളി മത്സരവുമുണ്ട്. രാത്രി എട്ടിന് സതേണ്‍ റൂട്ട്സിന്റെ മ്യൂസിക് ബാന്റ്. രാത്രി 11.55 -ന് പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി പാപ്പാനിയെ കത്തിക്കും.
സംഗീതനിശ, കളരിപ്പയറ്റ് പ്രദര്‍ശനം, നാടന്‍പാട്ട് എന്നിവയും വിവിധ ദിവസങ്ങളിലായി രാത്രിയില്‍ അവതരിപ്പിക്കും. കൂടാതെ ഫുഡ് ഫെസ്റ്റ്, നാടന്‍വിഭവങ്ങളുടെ പ്രദര്‍ശനവും വില്പനയും കാര്‍ഷികമേള, ആമ്പല്‍ വസന്തം, ഉത്തരവാദിത്വ ടൂറിസം ഉത്പന്നങ്ങള്‍, കരകൗശല, കുടുംബശ്രീ ഉത്പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും വില്പനയും ഒരുക്കിയിട്ടുണ്ട്.
ആമ്പല്‍ സന്തം കാണാനുള്ള സൗകര്യവും, മുണ്ടാര്‍ അടക്കമുള്ള സ്ഥലങ്ങളിലേക്ക് സഞ്ചരിക്കാനായി രാവിലെ എട്ട് മുതല്‍ വൈകുന്നേരം ആറുവരെ ശിക്കാര ബോട്ടിഗും പെഡല്‍ ബോട്ട് യാത്ര, കുട്ടവഞ്ചി സവാരി എന്നിവയും ഒരുക്കിയിട്ടുണ്ട്. കുതിരസവാരിയ്ക്കും സൗകര്യമുണ്ട്.
ഫെസ്റ്റ് കേന്ദ്രംകരിയാറിന്റെ തീര പ്രദേശമായ എഴുമാന്തുരുത്ത് മാളേയക്കല് കടവ് മുതല്‍ ആയാംകുടി പള്ളിത്താഴം വരെയുള്ള ബണ്ട് റോഡിലാണ് ഫെസ്റ്റ് നടക്കുന്നത്. ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് ഫെസ്റ്റ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഫെസ്റ്റ് കേന്ദ്രവും പരിസരവും പൂര്‍ണമായും സിസി ടിവി കാമറ നിരീക്ഷണത്തിലാണ്. തലയോലപ്പറമ്പില്‍ നിന്ന് വരുന്നവര്‍ക്ക് കോരിക്കല്‍ വഴിയും വൈക്കത്തുനിന്നുള്ളവര്ക്ക് വാഴമന കള്ളാട്ടിപ്പുറം വഴിയും ഏറ്റുമാനൂര്‍ ഭാഗത്തുനിന്ന് വരുന്നവര്‍ക്ക് നീണ്ടൂര്‍ കല്ലറ ആയാംകുടി വഴിയും ഇവിടെയെത്താം. കുറവിലങ്ങാട്, കടുത്തുരുത്തി ഭാഗത്തുള്ളവര്‍ക്ക് കടുത്തുരുത്തി ആയാംകുടി വഴി ഫെസ്റ്റ് കേന്ദ്രത്തില്‍ എത്തിച്ചേരാം.
ഫെസ്റ്റ് നഗരിയിലെ മത്സരങ്ങള്‍
ഇന്ന് 10.30 മുതല്‍ 31 -ന് വൈകൂന്നേരം 3.30 വരെ സെല്‍ഫി പോയിന്റിലെത്തി സെല്‍ഫിയെടുക്കാം. വള്ളം കളി മത്സരം, റിവര്‍ ക്രോസംഗ്, കയാക്കിംഗ്, താറാവ് പിടുത്ത മത്സരം, വല വീശല്‍, ചൂണ്ടയിടല്‍, കരോള്‍ഗാന മത്സരം എന്നിവ ഉണ്ടാകും. ഫെസ്റ്റിന്റെ ഭാഗമായി ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജ്, നാട്ടുചന്ത, കുട്ടവഞ്ചി, വള്ളസവാരി, നാടന്‍-ചൈനീസ് ഭക്ഷ്യമേള, ആമ്പല്‍ വസന്തം, കുതിര സവാരി, സ്പീഡ് ബോട്ട്, ആര്‍ടി യൂണിറ്റുകളുടെ പ്രദര്‍ശനവും വില്‍പ്പനയും ഉണ്ടാകും.