കൂട്ടത്തോടെയെത്തുന്ന കാട്ടുപന്നികള്‍ കൃഷിയിടങ്ങള്‍ നിലംപരിശാക്കുന്നു
1489693
Tuesday, December 24, 2024 6:39 AM IST
മാടപ്പള്ളി: കാട്ടുപന്നികള്‍ കൂട്ടത്തോടെയെത്തി കൃഷി പിഴുതെറിയുന്നു. കുട്ടന്‍ചിറ, മുണ്ടുകുഴി, കൊരണ്ടിത്താനം, വള്ളോക്കുന്ന് ഭാഗങ്ങളിലാണ് കാട്ടുപന്നി ആക്രമണത്തില്‍ കൃഷിനാശം ഉണ്ടാകുന്നത്. കപ്പ, വാഴ, ചേമ്പ്, പച്ചക്കറിത്തോട്ടങ്ങള്‍, തെങ്ങിന് തൈകള്‍ ഉള്‍പ്പെടെയുള്ള കൃഷികളാണ് നശിപ്പിക്കുന്നത്. രാത്രിയിലാണ് പന്നികള്‍ കൂട്ടമായി ഇറങ്ങി ആക്രമണം നടത്തുന്നത്. കൃഷിയിടത്തിന്റെ സംരക്ഷണത്തിനായി സ്ഥാപിച്ച വേലികളടക്കം തകര്‍ത്ത നിലയിലാണ്. പകല്‍ സമയങ്ങളിലും ഈ ഭാഗങ്ങളില്‍ കാട്ടുപന്നിയുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
കുട്ടന്‍ചിറ ഭാഗത്ത് ചാക്കോ മത്തായിയുടെ കൃഷിയിടത്തിലെ 300 മൂട് കപ്പയും സമീപത്തുള്ള ഷാജി ചാക്കോയുടെ കൃഷിയിടത്തിലെ 100 മൂട് കപ്പയുമാണ് കൂട്ടമായെത്തിയ കാട്ടുപന്നികള്‍ നശിപ്പിച്ചത്.
മുണ്ടുകുഴി ഭാഗത്ത് ഇഞ്ചിക്കാലായില് പുഷ്പമ്മയുടെ കൃഷിയിടത്തിലെ കപ്പയും ചേമ്പും കൊരണ്ടിത്താനത്ത് വള്ളിക്കാട്ടില്‍ ഔസേപ്പ് ഫിലിപ്പിന്റെ കൃഷിയിടങ്ങളും കാട്ടുപന്നികള്‍ തകര്‍ത്തുവാരി. കൃഷിപ്പണി ഉപജീവനമാക്കിയ കര്‍ഷകര്‍ക്കാണ് പന്നി ശല്യം വിനയാകുന്നത്.
ഒരു വര്‍ഷത്തിലേറെയായി കാട്ടുപന്നി ആക്രമണം കുട്ടന്‍ചിറ, മുണ്ടുകുഴി, കൊരണ്ടിത്താനം, വള്ളോക്കുന്ന് ഭാഗങ്ങളില്‍ തുടരുകയാണ്. വിളകള്‍ നശിപ്പിക്കുന്നതും ജനങ്ങള്‍ക്ക് ഭീഷണിയുമായ കാട്ടുപന്നികളെ വെടിവയ്ക്കാന്‍ ഉത്തരവിടാനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങള്‍ വിനിയോഗിക്കണമെന്ന് മാടപ്പള്ളി വികസനസമിതി പ്രസിഡന്റ് ബാബു കുട്ടന്‍ചിറ ആവശ്യപ്പെട്ടു.