വഴിവിളക്കുകള്‍ തെളിയാത്തതിന് ഉത്തരവാദി തദ്ദേശ സ്ഥാപനങ്ങളോ കെഎസ്ഇബിയോ?
1489546
Monday, December 23, 2024 7:19 AM IST
ചങ്ങനാശേരി: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളും പള്ളികളിലും ക്ഷേത്രങ്ങളിലും ആഘോഷങ്ങളും നടക്കാനിരിക്കെ നഗരത്തിലും സമീപ പഞ്ചായത്തുകളിലും വഴിവിളക്കുകള്‍ തെളിയാത്തത് ആരുടെ അനാസ്ഥ മൂലമാണെന്ന ചോദ്യമുയരുന്നു. ചങ്ങനാശേരി നഗരമധ്യത്തില്‍ പെരുന്ന ബസ് സ്റ്റാന്‍ഡുമുതല്‍ എസ്ബി കോളജുവരെയുള്ള ഭാഗത്ത് മാസങ്ങളായി വഴിവിളക്കുകള്‍ പ്രകാശിക്കുന്നില്ല. ഇതുപോലെ നഗരത്തിലെ മറ്റു വാര്‍ഡുകളിലും ഒട്ടേറെ വഴിവിളക്കുകൾ കണ്ണടച്ച നിലയിലാണ്.
വഴിവിളക്ക് തെളിയാത്ത പല സ്ഥലങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലെ വെളിച്ചമാണ് ആളുകളുടെ ആശ്രയം. രാത്രിയില്‍ ഈ സ്ഥാപനങ്ങള്‍ അടയ്ക്കുന്നതോടെ പ്രദേശമാകെ ഇരുട്ടുമൂടുകയാണ് പതിവ്.
വഴിവിളക്ക് തെളിക്കുന്നതിനുള്ള വൈദ്യുതി ചാര്‍ജ് ഇനത്തില്‍ നഗരസഭ പ്രതിമാസം 4.75 ലക്ഷം രൂപയാണ് കെഎസ്ഇബിയിൽ അടയ്ക്കുന്നത്. കൂടാതെ നഗരത്തിലെ ഒരു വഴിവിളക്കിന് ഒരു വര്‍ഷത്തെ പരിപാലനച്ചെലവായി 445 രൂപ പ്രകാരം കരാറുകാരനു നല്‍കുന്നുണ്ട്. നഗരത്തില്‍ 37 വാര്‍ഡുകളിലായി അയ്യായിരത്തോളം വഴിവിളക്കുകളാണുള്ളത്. എന്നാൽ, കേടായ വഴിവിളക്കുകൾ യഥാസമയം മാറ്റാറുണ്ടോയെന്ന പരിശോധന നടക്കുന്നില്ലെന്ന ആക്ഷേപമുണ്ട്.
വഴിവിളക്കുകള്‍ തെളിയാത്തതിനു പിന്നില്‍ കെഎസ്ഇബി അധികൃതരുടെ അനാസ്ഥയുമുണ്ടെന്ന് നഗരവാസികള്‍ ചൂണ്ടിക്കാട്ടുന്നു. ഇവര്‍ വഴിവിളക്കുകളുടെ ഫ്യൂസുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താനോ യഥാസമയം കുത്താനോ തയാറാകുന്നില്ലെന്ന പരാതിയുണ്ട്.
നിര്‍മാണത്തിലിരിക്കുന്ന എസി റോഡില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കാത്തത് വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഏറെ അപകട ഭീഷണിയാണ്.
മാടപ്പള്ളി പഞ്ചായത്ത് പരിധിയില്‍ വരുന്ന വാഴൂര്‍ റോഡില്‍ പൂവത്തുംമൂട്, ഇല്ലിമൂട് ഭാഗങ്ങളിലും മാമ്മൂട്- വെളിയം റോഡിലും വഴിവിളക്കുകള്‍ തെളിയുന്നില്ലെന്നു പരാതിയുണ്ട്.
നഗരസഭാ പരിധിയിൽ പുതിയ വഴിവിളക്കുകൾ സ്ഥാപിക്കുന്നതിനുള്ള ജോലികൾ പുരോഗമിക്കുകയാണെന്ന് നഗരസഭാ വൈസ്ചെയർമാൻ മാത്യൂസ് ജോർജ് പറഞ്ഞു.