യുവതലമുറയ്ക്കു മാതൃകയാക്കാം, ആല്‍വിന്റെ വിജയഗാഥ
1489545
Monday, December 23, 2024 7:19 AM IST
ബിജു ഇത്തിത്തറ
കടുത്തുരുത്തി: വൈറ്റ് കോളര്‍ ജോലി മാത്രമേ ചെയ്യൂവെന്ന് വാശിപിടിക്കുന്ന യുവതലമുറയ്ക്കു മാതൃകയാക്കാവുന്നതാണ് ആല്വിന് ജോര്‍ജിന്റെ ജീവിതം. ലക്ഷത്തിനുമേല്‍ മാസശമ്പളം ലഭിച്ചിരുന്ന വൈറ്റ് കോളര്‍ ജോലി ഉപേക്ഷിച്ചാണ് ആല്വിന് ഫാം നടത്താന്‍ തീരുമാനിക്കുന്നത്. അന്ന് ആല്‍വിന്റെ തീരുമാനത്തെ വിമര്‍ശിച്ചവര്‍ ഇന്ന് ആൽബിനെ പുകഴ്ത്തുന്നു. തൊഴില്‍ ഏതുമാകട്ടെ കഷ്ടപ്പെ ട്ടാല്‍ വിജയം ദൈവം സമ്മാനിക്കുമെന്ന് ആല്വിന് പറയുന്നു.
തലയോലപ്പറമ്പ് അരയത്തേല്‍ ജോര്‍ജ് - അച്ചാമ്മ ദമ്പതികളുടെ മകനാണ് 38കാരനായ ആല്വിന്. മെക്കാനിക്കല്‍ എന്‍ജിനിയറിംഗില്‍ ബിടെക്, മാര്‍ക്കറ്റിംഗില്‍ എംബിഎ ബിരുദാനന്തര ബിരുദധാരി. ഹൈസിഡ്രൊണ് എന്ന അമേരിക്കന്‍ കമ്പനിയുടെ ഇന്ത്യയിലെയും മറ്റു രാജ്യങ്ങളിലെയും സെയില്‍സ് വിഭാഗം തലവനായി പഠനശേഷം മൂന്ന് വര്‍ഷത്തോളം ആല്വിന് ജോലി ചെയ്തു.
പത്തു വര്‍ഷം മുമ്പ് നാട്ടില്‍തന്നെ സ്വന്തമായി ഐടി സംരഭം ആരംഭിച്ചു. ഇലക്ട്രോണിക് ഡിവൈസസ്, വാഹനങ്ങളുടെ സോഫ്റ്റ്വേര്‍ നിര്‍മാണം എന്നിവയാണ് സംരംഭത്തിലുള്ളത്. ഇതിനൊപ്പം വീടിനോടു ചേര്‍ന്ന് പശു ഫാമും ആരംഭിച്ചു. സ്ഥലപരിമിതി മൂലം പിന്നീട് ഫാം കുടംബത്തിന്റെതന്നെ പെരുവ കുന്നപ്പള്ളിക്ക് സമീപമുള്ള മൂന്നേക്കര്‍ സ്ഥലത്തേക്ക് ജിയോ ഫാംസ് എന്ന പേരില്‍ വിപുലപെടുത്തി മാറ്റി സ്ഥാപിച്ചു.
പശുക്കളെ കുളിപ്പിക്കുന്നതിനും തീറ്റ കൊടുക്കന്നതിനും കറവയ്ക്കുമെല്ലാം സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രത്യേക സജ്ജീകരണമാണ് ഫാമിലുള്ളത്. ചെമ്മരിയാട്, ഇറച്ചിക്കുള്ള ഹൈബ്രിഡ് ആടുകള്‍, വിവിധയിനം മത്സ്യങ്ങള്‍, താറാവ്, എന്നിവയും ഫാമിനോട് ചേര്‍ന്ന് വളര്‍ത്തുന്നു. ഇപ്പോള്‍ വ്യത്യസ്ത ഇനങ്ങളില്‍പ്പെട്ട 45 പശുക്കളുണ്ട്.
ദിവസം 375 ലിറ്ററോളം പാല് ലഭിക്കും. 250 ലിറ്ററും ആല്വിന് എറണാകുളത്ത് ഫ്ളാറ്റുകളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് എത്തിച്ചു നല്‍കും. ബാക്കി പാല് തലയോലപ്പറമ്പ് ക്ഷീരസംഘത്തിലാണ് നല്‍കുന്നത്. ഫാമില്‍നിന്ന് ഏതാണ്ട് മൂന്ന് ലക്ഷത്തോളം രൂപ വരുമാനം ലഭിക്കുന്നുണ്ടെന്നാണ് ആല്വിന് പറയുന്നത്. ഫാമിലെ ചാണകം ഉപയോഗിച്ചു ഉണ്ടാക്കുന്ന ബയോഗ്യാസില്‍നിന്ന് സിഎന്‍ജി (കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്) ഉദ്പാദിക്കാനുള്ള ഗവേഷണിത്തിലാണ് ആല്വിന്.
ഫാമിനോടനുബന്ധിച്ചു നാട്ടുകാരായ പത്ത് പേര്‍ക്ക് ജോലി നല്‍കാനും ആല്‍വിനായി. ആല്‍വിന്റെ മാതാപിതാക്കളും ഭാര്യ ഡിനുമോളും ഫാമിലെ പണികള്‍ക്ക് സഹായത്തിനായുണ്ട്. ആഞ്ജലീന, ബര്ന്നീസ്, കരോളിന് എന്നിവര്‍ മക്കളാണ്.