നിര്‍ധനര്‍ക്ക് കേക്ക് നൽകി കോതനല്ലൂർ ബേക്ക് ഹൗസ്
1489544
Monday, December 23, 2024 7:19 AM IST
കോതനല്ലൂര്‍: ഇല്ലാത്തവനുമായി പങ്ക് വയ്ക്കുകയെന്ന ക്രിസ്തുവാക്യം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയാണ് ഈ ബേക്കറി ഉടമ. തുടര്‍ച്ചയായ 14 -ാം വര്‍ഷവും ക്രിസ്മസിനോടനുബന്ധിച്ചു നിര്‍ധനരായവര്‍ക്ക് സൗജന്യമായി കേക്ക് വിതരണം ചെയ്താണ് ബേക്കറി ഉടമയുടെ ക്രിസ്മസ് ആഘോഷം.
കോതനല്ലൂരിലെ ബേക്ക് ഹൗസ് ബേക്കറിയുടമ നമ്പ്യാകുളം വല്ലാട്ടറയ്ക്കല് ലിന്സണ് ജോണ്‍ ആണ് സൗജന്യമായി കേക്ക് വിതരണം ചെയ്തത്. ഇത്തവണ മാഞ്ഞൂര്‍ പഞ്ചായത്തിലെ മുഴുവന്‍ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും നല്‍കാനുള്ള കേക്ക് ഊര് മൂപ്പത്തി ഉഷാ വള്ളിക്കാഞ്ഞിരത്തിന് ലിന്സണ് കൈമാറി. മറ്റു നിര്‍ധന കുടുംബങ്ങള്‍ക്ക് നല്‍കാനുള്ള കേക്ക് പഞ്ചായത്തംഗം ബിനോയി ഇമ്മാനുവേലിന് ബേക്കറിയില്‍ നടന്ന ചടങ്ങില്‍ കൈമാറി.
2010-ല്‍ കോതനല്ലൂരില്‍ ബേക്കറി തുടങ്ങിയ വര്‍ഷം മുതല്‍ ഒരു ലക്ഷം രൂപയുടെ കേക്ക് ലിന്സണ് സൗജന്യമായി നിര്‍ധനരായവര്‍ക്ക് നല്‍കുന്നുണ്ട്.
ലിന്‍സന്റെ ഏറ്റുമാനൂര്‍, കോട്ടയം, തൊടുപുഴ എന്നിവിടങ്ങളിലുള്ള ബേക്കറികളിലൂടെയും സൗജന്യമായി പാവപ്പെട്ടവര്‍ക്ക് കേക്ക് വിതരണം ചെയ്യുന്നുണ്ട്. മനുഷ്യാവകാശ പ്രവര്ത്തകന് സി.ജെ. തങ്കച്ചന്, എസ്സി പ്രമോട്ടര്‍ ഗ്ലാഡീസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.