നക്ഷത്രത്തിളക്കത്തിൽ ക്രിസ്മസ്
1489532
Monday, December 23, 2024 7:04 AM IST
കോട്ടയം: വിണ്ണിലും മണ്ണിലും നക്ഷത്രങ്ങൾ മിന്നിത്തെളിയുന്നു... സമ്മാനപ്പൊതികളുമായി സാന്തോക്ലോസുമാർ, എൽഇഡി ബൾബുകളുടെ മാസ്മരികപ്രഭയിൽ വർണാഭമായ നഗരവീഥികൾ... ക്രിസ്മസ് വിപണി ലക്ഷ്യമിട്ട വ്യാപാര സ്ഥാപനങ്ങൾ... നാടും നഗരവും ക്രിസ്മസ് വൈബിലാണ്.
നഗരവീഥികളും സ്ഥാപനങ്ങളും വീടുകളുമെല്ലാം നക്ഷത്രപ്രഭയിലാണ്. നഗരങ്ങളിലെ വ്യാപാര സ്ഥാപനങ്ങളും ദീപാലംകൃതമാണ്. ദേവാലയങ്ങളിലും ഭവനങ്ങളിലും പുൽക്കൂട് ഒരുക്കാനുള്ള തിരക്കിലാണ് വിശ്വാസികൾ. ദേവാലയങ്ങളിലും ആശുപത്രികളടക്കമുള്ള സ്ഥാപനങ്ങളിലും വലിയ പുൽക്കൂടുകളാണ് ഒരുക്കിയിരിക്കുന്നത്.
കോളജുകളിലും സ്കൂളുകളിലും വർണാഭമായ ക്രിസ്മസ് ആഘോഷമാണ് നടന്നത്. ക്രിസ്മസ് പപ്പായും ഡാൻസും കരോൾ ഗാനങ്ങളുമായി കാന്പസുകളും സ്കൂളുകളും ക്രിസ്മസിനെ വരവേറ്റു. ഇന്നലെ സൺഡേസ്കൂളുകളിലും ക്രിസ്മസ് ആഘോഷം നടന്നു. കരോൾ ഗാനമത്സരവും പപ്പാ മത്സരവും ഉണ്ടായിരുന്നു.
വിവിധ സംഘടനകളുടെയും പള്ളികളുടെയും ആഭിമുഖ്യത്തിൽ കരോൾ സർവീസും സജീവമാണ്. ക്രിസ്മസ് പപ്പായും കൂട്ടരും വീടുകൾ തോറും കയറിയിറങ്ങി സമ്മാനങ്ങൾ നൽകുകയും ക്രിസ്മസ് സന്ദേശം കൈമാറുകയും ചെയ്യുന്നു. ആഘോഷരാവുകളാണ് ഇനിയുള്ള ദിനങ്ങൾ.
ക്രിസ്മസ് വിപണി നേരത്തെതന്നെ സജീവമാണ്. സപ്ലൈകോയുടെ ക്രിസ്മസ് വിപണി കോട്ടയം മാവേലി ടവറിൽ ആരംഭിച്ചു. സഹകരണ വകുപ്പിന്റെയും കുടുംബശ്രീയുടെയും വിപണന മേളകളുമുണ്ട്.
വഴിയോരക്കച്ചവടവും സജീവമാണ്. പുൽക്കൂടും ക്രിസ്മസ് ട്രീയും അലങ്കരിക്കാനുള്ള വസ്തുക്കളും ക്രിബ്ബുകളുമാണ് വഴിയോര കച്ചവടത്തിലേറെയും. ക്രിസ്മസ് പപ്പായുടെ മുഖംമൂടി, തൊപ്പി, വസ്ത്രങ്ങൾ, എൽഇഡി ബൾബുകൾ തുടങ്ങിയവയുടെ കച്ചവടം പൊടിപൊടിക്കുകയാണ്.
പടക്കവിപണിയും സജീവമാണ്. ഇന്നും നാളെയും നഗരത്തിൽ വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കാൻ പോലീസ് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.