രാമപുരം ഗവ. ആശുപത്രിയില്‍ വൈദ്യുതിമുടക്കം പതിവായി
1489484
Monday, December 23, 2024 5:56 AM IST
രാമപുരം: രാമപുരം ഗവണ്മെന്റ് ആശുപത്രിയില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി വൈദ്യുതി ലഭിക്കുന്നില്ല. വൈദ്യുതി കണക്ഷന് എടുക്കുന്നിടത്തുള്ള ബ്രേക്കറിന്റെ പാനല്‍ ബോര്‍ഡ് കേടായതിനാലാണ് ആശുപത്രിയിലേക്ക് വൈദ്യുതി എത്താത്തത്.
ഇത് റിപ്പയര്‍ ചെയ്താല്‍ മാത്രമേ ഈ പ്രശ്നം പരിഹരിക്കാന്‍ സാധിക്കൂ. വ്യാഴാഴ്ചയാണ് ആശുപത്രിയിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടത്. ഇതുവരെയും ഇത് പുനഃസ്ഥാപിച്ചിട്ടില്ല. ഇതുമൂലം ഇവിടെ എത്തുന്ന രോഗികളും ജീവനക്കാരും വളരെയധികം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്.
പുതിയ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ രോഗികളുടെ കണ്‍സള്‍ട്ടേഷനും പ്രിസ്ക്രിപ്ഷനുകളും ഓണ്‍ലൈനായിട്ടാണ് മോണിറ്റര്‍ ചെയ്യുന്നത്. വൈദ്യുതി ലഭിക്കാത്തതുമൂലം ഇത് പൂര്‍ണമായും തകരാറിലാണ്. രാമപുരത്തെയും പരിസര പ്രദേശങ്ങളിലെയും സാധാരണക്കാരായ ജനങ്ങള്‍ ആശ്രയിക്കുന്നത് ഈ ആശുപത്രിയെയാണ്.
വൈദ്യുതി മുടങ്ങിയിട്ട് ദിവസങ്ങളായിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്നു നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം വകുപ്പുമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.
എത്രയും പെട്ടെന്ന് വൈദ്യുതിബന്ധം പുനഃസ്ഥാപിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സരമപരിപാടികള് നടത്തുമെന്നും നാട്ടുകാര്‍ പറഞ്ഞു.