റബര്‍ വിലയില്‍ മെച്ചമില്ല; ഇറക്കുമതി തുടരുന്നു
1489472
Monday, December 23, 2024 5:47 AM IST
കോട്ടയം: ഉത്പാദനം സീസണിലെ ഏറ്റവും ഉയരത്തിലെത്തിയിട്ടും റബര്‍ ഷീറ്റ് വില ഉയരുന്നില്ല. ആര്‍എസ്എസ് നാല് ഗ്രേഡിന് 189, അഞ്ചാം ഗ്രേഡിന് 185 രൂപ നിരക്കിലാണ് റബര്‍ ബോര്‍ഡ് പ്രഖ്യാപിത വില. വ്യാപാരികള്‍ പ്രഖ്യാപിത വിലയേക്കാള്‍ കിലോയ്ക്ക് നാലു രൂപ താഴ്ത്തിയാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. വിദേശവില 200നു മുകളില്‍ തുടരുന്ന സാഹചര്യത്തിലും ആഭ്യന്തരവില ചെറിയ തോതില്‍ പിന്നോട്ടടിക്കുകയാണ്.
മഴമൂലം കിഴക്കനേഷ്യന്‍ രാജ്യങ്ങളിലെ ഉത്പാദനത്തില്‍ ഗണ്യമായ കുറവുണ്ട്. ഈ സാഹചര്യത്തില്‍ കോമ്പൗണ്ട് റബര്‍ വലിയ തോതില്‍ വ്യവസായികള്‍ ഇറക്കുമതി ചെയ്യുകയാണ്. ക്രംബ് റബറിനേക്കാള്‍ വിലയും നികുതിയും കുറവുള്ള കോമ്പൗണ്ട് റബറിന്റെ അനിയന്ത്രിതമായ ഇറക്കുമതിയാണ് ഷീറ്റ് വില ഇടിക്കുന്നത്.
വില 200 രൂപയില്‍ എത്താതെ ചരക്ക് വില്‍ക്കില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷക സംഘടനകള്‍. വ്യവസായികളുടെ ആവശ്യമനുസരിച്ച് റബര്‍ ഷീറ്റ് നല്കാന് ഡിലര്മാര്ക്കും സാധിക്കുന്നില്ല.