മാന്നാനത്ത് വിശുദ്ധ ചാവറയച്ചന്റെ തിരുനാൾ: 26ന് കൊടിയേറ്റ്
1489470
Monday, December 23, 2024 5:47 AM IST
മാന്നാനം: വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയുടെ തിരുനാളിന് വിശുദ്ധന്റെ കബറിടം സ്ഥിതിചെയ്യുന്ന മാന്നാനം സെന്റ് ജോസഫ്സ് ആശ്രമ ദേവാലയത്തിൽ 26ന് കൊടിയേറും. കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട് കൊടിയേറ്റും.
ക്രിസ്മസിന്റെ പിറ്റേന്ന് കൊടിയേറി ജനുവരി മൂന്നിന് പ്രധാന തിരുനാൾ ആഘോഷങ്ങളോടെ സമാപിക്കുന്ന തിരുനാളിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെന്ന് ആശ്രമം പ്രിയോർ റവ.ഡോ. കുര്യൻ ചാലങ്ങാടി സിഎംഐ പറഞ്ഞു.
ആശ്രമ ദേവാലയ പരിസരം നക്ഷത്ര ശോഭയിലാണ്. അഞ്ഞൂറിലേറെ വർണ നക്ഷത്രങ്ങളാണ് ദേവാലയ പരിസരത്തെ വർണാഭമാക്കുന്നത്.
ദ്വിശതാബ്ദിക്കായുള്ള ഒരുക്കത്തിൽ
1831ൽ സ്ഥാപിതമായ സിഎംഐ സന്യാസ സമൂഹത്തിന്റെ ദ്വിശതാബ്ദി ആഘോഷങ്ങൾ 2031ലാണ്. ദ്വിശതാബ്ദി ആഘോഷങ്ങളുടെ 10 വർഷം നീണ്ടു നിൽക്കുന്ന ഒരുക്കത്തിന്റെ ഭാഗമായുള്ള ആധ്യാത്മിക നിറവിലാണ് തിരുനാൾ നടക്കുന്നത്.
വിശുദ്ധ ചാവറയച്ചൻ തുടങ്ങിവച്ച സാമൂഹിക വിപ്ലവങ്ങളിൽ ഒന്നായ പിടിയരിക്കഞ്ഞി സമ്പ്രദായത്തെ ഓർമിപ്പിച്ച് പ്രധാന തിരുനാൾ ദിനമായ ജനുവരി മൂന്നിന് ഉച്ചക്ക് പിടിയരി ഊണു നേർച്ച നടത്തും. വിശ്വാസികൾക്ക് പിടിയരി സമർപ്പിച്ച് പ്രാർഥിക്കുന്നതിന് തിരുനാൾ ദിവസങ്ങളിൽ സൗകര്യമുണ്ടാകും.
വിവിധ വിഭാഗങ്ങൾക്കായി പ്രത്യേക ദിനങ്ങൾ
തിരുനാളിന്റെ വിവിധ ദിവസങ്ങളിൽ വിവിധ വിഭാങ്ങളെ പ്രത്യേകമായി സമർപ്പിച്ച് പ്രാർഥിക്കും. 27ന് കുഞ്ഞിപ്പൈതങ്ങളുടെ ദിനമായും 28ന് സന്യസ്ത ദിനമായും 30ന് ദമ്പതി ദിനമായും 31ന് വിദ്യാർഥി ദിനമായും ആചരിക്കും. 29ന് ചാവറ കുടുംബ സംഗമം നടക്കും.
1500 വിശുദ്ധരുടെ തിരുശേഷിപ്പ് പ്രദർശനവും വണക്കവും
27, 28, 29 തീയതികളിൽ നടക്കുന്ന വിശുദ്ധരുടെ തിരുശേഷിപ്പ് പ്രദർശനവും വണക്കവും ഈ വർഷത്തെ തിരുനാളിന്റെ പ്രത്യേകതയാണ്. 1,500 വിശുദ്ധരുടെ തിരുശേഷിപ്പുകളാണ് വിശ്വാസികളുടെ വണക്കത്തിനായി പ്രതിഷ്ഠിക്കുന്നത്. രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു വരെയാണ് തിരുശേഷിപ്പ് പ്രദർശനവും വണക്കവും. ഇതിനായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തും.
തിരുസ്വരൂപ പ്രതിഷ്ഠ, പ്രദക്ഷിണങ്ങൾ
27ന് വൈകുന്നേരം 6.30ന് വിശുദ്ധ ചാവറയച്ചന്റെ തിരുസ്വരൂപം പ്രതിഷ്ഠിക്കും. ജനുവരി രണ്ടിന് വൈകുന്നേരം 6.30ന് ആശ്രമ ദേവാലയത്തിൽനിന്ന് കെഇ സ്കൂൾ ഗ്രോട്ടോയിലേക്ക് ജപമാല പ്രദക്ഷിണവും മൂന്നിന് വൈകുന്നേരം 6.30ന് തിരുനാൾ പ്രദക്ഷിണവും നടക്കും.
കലാപരിപാടികൾ
വിവിധ ദിവസങ്ങളിൽ കലാപരിപാടികൾ നടക്കും. 28ന് തോൽപ്പാവകളി, ജനുവരി ഒന്നിന് കലാസന്ധ്യ, രണ്ടിന് ആലപ്പുഴ ബ്ലൂ ഡയമണ്ട്സിന്റെ ഗാനമേള, മൂന്നിന് ശിങ്കാരിമേളം, ലൈറ്റ് ആൻഡ് സൗണ്ട് ഷോ എന്നിവയാണ് അരങ്ങേറുന്നത്.
ആശ്രമം പ്രിയോർ റവ. ഡോ. കുര്യൻ ചാലങ്ങാടി സിഎംഐ, ഫാ. ആന്റണി കാഞ്ഞിരത്തിങ്കൽ സിഎംഐ, ഫാ. സിജോ ചേന്നാട് സിഎംഐ എന്നിവർ പരിപാടികൾ വിശദീകരിച്ചു.