നിയന്ത്രണംവിട്ട കാര്‍ നിർത്തിയിട്ട കാറില്‍ ഇടിച്ച് വീട്ടമ്മ മരിച്ചു
1489298
Sunday, December 22, 2024 11:20 PM IST
ചിങ്ങവനം (കോട്ടയം): എംസി റോഡില്‍ ചിങ്ങവനം മാവിളങ്ങില്‍ നിയന്ത്രണം നഷ്ടമായ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറില്‍ ഇടിച്ചു മറിഞ്ഞ് വീട്ടമ്മ മരിച്ചു. തിരുവനന്തപുരം കാട്ടാക്കട അമീന് മന്‍സിലില്‍ പരേതനായ സൈനുലാത്തിന്റെ ഭാര്യ അനീഷ (54) യാണു മരിച്ചത്.
ഇന്നലെ രാവിലെ ഏഴിന് മാവിളങ്ങില്‍ പെട്രോള്‍ പമ്പിനു സമീപത്തായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തുനിന്നു തൃശൂരിലേക്ക് പോകുകയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന ഓള്‍ട്ടോ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു. അനീഷയ്ക്കൊപ്പം മകള്‍ സബീന, മരുമകന് നൗഷാദ്, നൗഷാദിന്റെ സുഹൃത്ത് പീര്‍ മുഹമ്മദ് എന്നിവരും കാറിലുണ്ടായിരുന്നു. നൗഷാദാണ് കാര്‍ ഓടിച്ചിരുന്നത്. അപകടത്തെത്തുടര്‍ന്ന് ഓടിക്കൂടിയ പ്രദേശവാസികളും ചിങ്ങവനം പോലീസും ചേര്‍ന്ന് പരിക്കേറ്റവരെ കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അനീഷയുടെ ജീവന് രക്ഷിക്കാനായില്ല.
കാന്‍സര്‍ രോഗിയായിരുന്ന അനീഷയുടെ ചികിത്സയുടെ ഭാഗമായി തൃശൂരിലേക്ക് പോകവെയായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്ന് സംശയിക്കുന്നതായി ചിങ്ങവനം പോലീസ് പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംഭവത്തില്‍ പോലീസ് കേസെടുത്തു. രണ്ടു കാറുകളും തകര്‍ന്നനിലയിലാണ്. അനീഷയുടെ മറ്റു മക്കള്‍: സജീല, ഷജീര്‍. മറ്റ് മരുമക്കള്‍: ബഹദൂര്‍ ഷാന്‍, ഷമീല.