ബാങ്ക് വീട് ജപ്തി ചെയ്തു; താമസിക്കാനിടമില്ലാതെ നിർധന കുടുംബം
1486752
Friday, December 13, 2024 5:44 AM IST
എരുമേലി: ആകെയുള്ള മൂന്ന് സെന്റ് സ്ഥലവും കിടപ്പാടവും വീട്ടുപകരണങ്ങളും ബാങ്ക് ജപ്തി ചെയ്തതോടെ ഭിന്നശേഷിക്കാരിയായ മകൾ ഉൾപ്പെടെ നിർധന പട്ടികജാതി കുടുംബം പെരുവഴിയിൽ. ജനപ്രതിനിധികൾ ഇടപെട്ട് ജപ്തിക്ക് സാവകാശം തേടിയെങ്കിലും ബാങ്ക് അധികൃതർ വഴങ്ങിയില്ല.
കോടതി ഉത്തരവുള്ളത് മുൻനിർത്തി പോലീസ് മേൽനോട്ടത്തിൽ ജപ്തി ചെയ്യുകയായിരുന്നു. ഇന്നലെ വൈകുന്നേരം എരുമേലി പഞ്ചായത്തിലെ കനകപ്പലം വാർഡിൽ അടുക്കള കോളനി ഭാഗത്ത് കുളക്കുറ്റിയിൽ രാജേഷ് - സുജ ദമ്പതികളുടെ വീടും സ്ഥലവുമാണ് സ്വകാര്യ ധനകാര്യസ്ഥാപനം ജപ്തി ചെയ്ത് പിടിച്ചെടുത്തത്.
മക്കളായ അമൽ, അനുജ, അഞ്ജന എന്നിവരുമായി മാതാപിതാക്കൾ കണ്ണീരോടെ വീട്ടിൽനിന്നും ഇറങ്ങുമ്പോൾ നിസഹായരായി നാട്ടുകാരുമുണ്ടായിരുന്നു. വിവരം അറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, വൈസ് പ്രസിഡന്റ് വി.ഐ. അജി, വാർഡ് അംഗം സുനിൽ ചെറിയാൻ എന്നിവർ ബാങ്ക് ജീവനക്കാരും ബാങ്കിന്റെ അഭിഭാഷകനും പോലീസ് ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തിയെങ്കിലും ബാങ്ക് അധികൃതർ ഒത്തുതീർപ്പിന് തയാറായില്ല.
വായ്പാ കുടിശിക അടച്ചുതീർക്കാൻ ജനപ്രതിനിധികൾ ഇടപെട്ട് ഒരു മാസത്തെ സാവകാശം തേടിയെങ്കിലും ബാങ്ക് അധികൃതർ വഴങ്ങിയില്ല. 2019 ലാണ് രാജേഷ് വീടും സ്ഥലവും ഈടുവച്ച് രണ്ടര ലക്ഷം രൂപ വായ്പ എടുത്തത്.
ബ്ലോക്ക് പഞ്ചായത്തിൽനിന്നും വീട് നിർമാണത്തിന് ലഭിച്ച ധനസഹായം തികയാതെ വന്നതോടെയാണ് വായ്പ എടുത്തതെന്ന് രാജേഷ് പറഞ്ഞു. വായ്പത്തുക കഴിഞ്ഞ വർഷം അടച്ചുതീർത്തെങ്കിലും പലിശ ഉൾപ്പെടെ അഞ്ച് ലക്ഷംകൂടി അടയ്ക്കാനുണ്ടെന്ന് ബാങ്ക് അറിയിച്ചിരുന്നു.
കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവീസ് അദാലത്ത് മുഖേന രാജേഷ് സാവകാശം തേടിയെങ്കിലും ഹിയറിംഗിൽ ബാങ്ക് പ്രതിനിധികൾ ഹാജരായില്ല. തുടർന്നാണ് കോടതി മുഖേന ബാങ്ക് അധികൃതർ ജപ്തി നടപടികൾക്ക് ഉത്തരവ് നേടിയത്.
പ്ലസ്ടു വിദ്യാർഥി അമലിന് പട്ടികജാതി വികസന വകുപ്പിൽ നിന്നു വീട്ടിൽ പഠനമുറി നിർമിച്ചു ലഭിച്ചിരുന്നു. ഇതടക്കമാണ് ഇന്നലെ ബാങ്ക് ജപ്തി ചെയ്തത്. കൂലിപ്പണിക്കാരനായ രാജേഷിന്റെ തുച്ഛമായ വരുമാനം മാത്രമാണ് ഭിന്നശേഷിക്കാരിയായ മകൾ ഉൾപ്പെടെയുള്ള കുടുംബത്തിന്റെ ഏക ഉപജീവന മാർഗം.
ഏതാനും ദിവസത്തേക്ക് താമസസൗകര്യം നൽകാൻ അയൽവാസികൾ തയാറായിട്ടുണ്ടെങ്കിലും തുടർന്നുള്ള ജീവിതം എങ്ങനെയെന്നറിയാതെ കണ്ണീർ തൂകുകയാണ് രാജേഷും കുടുംബവും.