വീണ്ടും ചരിത്രമായി വൈക്കം സത്യഗ്രഹഭൂമി
1486749
Friday, December 13, 2024 5:44 AM IST
വൈക്കം: സമത്വത്തിനായുള്ള പോരാട്ടവഴികളില്‍ ഈടുറ്റ സ്മാരകമായി വൈക്കത്തിന്റെ മണ്ണില്‍ തന്തൈ പെരിയാറിന്റെ പേരില്‍ നവീകരിച്ച സ്മാരകവും ഗ്രന്ഥാലയവും നാടിനു സമര്‍പ്പിച്ച സമ്മേളനം മറ്റൊരു ചരിത്രമായി.
കേരള, തമിഴ്നാട് മുഖ്യമന്ത്രിമാരും മന്ത്രിമാരും പങ്കെടുത്ത മഹാസമ്മേളനം നടന്ന ബീച്ച് മൈതാനം ജനസാഗരമായി. തമിഴ്നാട്ടില്‍നിന്നു മാത്രം ഏഴായിരം പേര് എത്തിയിരുന്നു. ഇവര്‍ക്ക് ഭക്ഷണവും ക്രമീകരിച്ചിരുന്നു. പെരിയാര്‍ ഇ.വി. രാമസ്വാമി നായ്ക്കരുടെ ചിത്രം പതിച്ച ടീ ഷര്‍ട്ടും ദ്രാവിഡ മുന്നേറ്റത്തിന്റെ പതാകയുമായിട്ടാണ് തമിഴര്‍ എത്തിയത്.
സമ്മേളനം കേരളവും തമിഴ്നാടും തമ്മിലുള്ള ഊഷ്മള സൗഹൃദത്തിന്റെ വേദികൂടിയായി. തമിഴിലും മലയാളത്തിലുമുള്ള അവതരണം പ്രത്യേക ആകർഷണമായി. ഇരു മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും ആദരിച്ചും ഉപഹാരം നല്‍കിയുമാണ് സമ്മേളനം ആരംഭിച്ചത്.
എം.കെ. സ്റ്റാലിന് തമിഴ്നാടിന്റെ തനിമയില്‍ പട്ടും ഉപഹാരവും സമ്മാനിച്ചു. പിണറായി വിജയന് ചുണ്ടന്‍വള്ളം മാതൃകയിലുള്ള ഉപഹാരം സമ്മാനിച്ചും പൊന്നാടയണിയിച്ചുമാണ് സ്റ്റാലിനോടും തമിഴ്നാടിനോടുമുള്ള ആദരവും സ്നേഹവും പ്രകടിപ്പിച്ചത്.
കേരള സര്‍ക്കാരിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സമ്മേളനത്തിന് മുന്നോടിയായി തമിഴ്നാട് പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം ഒരാഴ്ച മുമ്പേ വൈക്കത്ത് എത്തിയിരുന്നു.
തമിഴ്നാട്ടിലെ അമ്പതോളം ഉന്നത ഉദ്യോഗസ്ഥ സംഘവും കേരള അതിര്‍ത്തിയിലുള്ള തമിഴ്നാട്ടിലെ ജനപ്രതിനിധികളും സമ്മേളനത്തിനായി എത്തിയിരുന്നു.
ആള്‍ക്കൂട്ടത്തെ അഭിവാദ്യം ചെയ്ത് സ്റ്റാലിന്
വൈക്കം: വഴിയോരത്ത് തടിച്ചുകൂടിയവരെ അഭിവാദ്യം ചെയ്തും കൈ കൈകൊടുത്തും സിനിമാ സ്റ്റൈലില്‍ റോഡിലൂടെ നടന്നുനീങ്ങി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്. തന്തൈ പെരിയാര്‍ സ്മാരക മ്യൂസിയവും ഗ്രന്ഥാലയവും തുറന്നുകൊടുത്ത ശേഷം ബോട്ടു ജെട്ടിയിലേക്കുള്ള റോഡിലൂടെ നടന്നുനീങ്ങുമ്പോഴാണ് കറുത്ത പാന്റ്സും വെള്ള ഷര്‍ട്ടും ധരിച്ചെത്തിയ തമിഴ്നാട് മുഖ്യമന്ത്രി ആളുകള്‍ക്കിടയിലേക്ക് എത്തിയത്.
കൈകൊടുക്കാനും ഫോട്ടോയെടുക്കാനും വഴിയോരത്ത് കാത്തുനിന്നവര്‍ തിക്കും തിരക്കും കൂട്ടി. മുഖ്യമന്ത്രി പിണറായി വിജയന് ആദ്യമേ പൊതുസമ്മേളന വേദിയിലെത്തിയിരുന്നു. രണ്ടു മുഖ്യമന്ത്രിമാരും വേദിയിലെത്തി സദസിലുള്ളവരെ അഭിവാദ്യം ചെയ്തു.
സ്റ്റാലിന് വേദിയിലെത്തിയപ്പോഴും സ്റ്റാലിന്റെ പേരു പറയുമ്പോഴും തമിഴ് സ്റ്റൈലില്‍ വിസിലടിച്ചും കൈയടിച്ചുമാണ് തമിഴ്നാട്ടില്‍ നിന്നുള്ളവര്‍ ആദരം അറിയിച്ചത്. ഇ.വി. രാമസ്വാമി നായ്ക്കരുടെ വൈക്കം സത്യഗ്രഹത്തിലെ പങ്ക് അനുസ്മരിക്കുന്ന വീഡിയോ പ്രദര്‍ശിച്ചപ്പോഴും ഹര്‍ഷാരവവും വിസിലടിയും ഉയര്‍ന്നു.