ജനറല്‍ ആശുപത്രി റോഡ് തകര്‍ന്നു; നവീകരിക്കാന്‍ നടപടിയില്ല
1486756
Friday, December 13, 2024 5:44 AM IST
കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിയിലേക്കുള്ള റോഡ് തകർന്നത് ആശുപത്രിയിലെത്തുന്നവരെയും രോഗികളെയും ദുരിതത്തിലാക്കുന്നു. ആശുപത്രി കവാടം മുതല്‍ റോഡിലെ ടാറിംഗ് ഇളകി കുഴികള്‍ രൂപപ്പെട്ട നിലയിലാണ്. റോഡ് തകര്‍ന്നു നാളുകളായിട്ടും നവീകരിക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നു രോഗികൾ ആരോപിച്ചു.
പഴയ അത്യാഹിത വിഭാഗം വരെ ഇന്റര്‍ലോക്ക് ഇട്ടിട്ടുണ്ടെങ്കിലും മുന്നോട്ട് പുതിയ ആശുപത്രി കെട്ടിടത്തിലേക്കു പോകുന്ന റോഡ് തകര്‍ന്ന നിലയിലാണ്. ഈ ഭാഗങ്ങളിലും ചെറിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. കിടപ്പുരോഗികളെ കൊണ്ടുവരുന്ന വാഹനങ്ങളും ആംബുലന്‍സും ഈ കുഴികളില്‍ ചാടിവേണം പോകാന്‍. അത്യാഹിതമുണ്ടായാല്‍ ഈ ഭാഗത്തുകൂടി വേഗത്തില്‍ പോകാനും കഴിയില്ല. ശസ്ത്രക്രിയാമുറിയില്നിന്നു രോഗികളെ കൊണ്ടുവരേണ്ടതും ഈ വഴിയിലൂടെയാണ്.
ദേശീയപാതയില്‍നിന്ന് ആശുപത്രിയിലേക്കു പ്രവേശിക്കുന്ന ഭാഗത്ത് അശാസ്ത്രീയമായ രീതിയില്‍ റോഡ് നിര്‍മിച്ചിരിക്കുന്നതിനാൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. ഈ ഭാഗത്തെ കട്ടിംഗില്നിന്ന് കഴിഞ്ഞ ദിവസം വാഹനം മറിഞ്ഞ് അപകടമുണ്ടായിരുന്നു.
ഇരുചക്രവാഹന യാത്രക്കാരാണ് അപകടത്തില്‍പ്പെടുന്നതിൽ ഏറെയുമെന്ന് പ്രദേശത്തെ ടാക്സി ഡ്രൈവര്‍മാര്‍ പറയുന്നു. ദിവസനേ നൂറുകണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന റോഡ് നവീകരിക്കാന്‍ നടപടി വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.