കോരുത്തോട് പള്ളിപ്പടിയിൽ രണ്ടുപേർക്ക് പേപ്പട്ടിയുടെ കടിയേറ്റു
1486758
Friday, December 13, 2024 5:44 AM IST
കോരുത്തോട്: കോരുത്തോട് പള്ളിപ്പടിയിൽ രണ്ടുപേർക്ക് ഇന്നലെ പേപ്പട്ടിയുടെ കടിയേറ്റു. പള്ളിപ്പടി സെന്റ് ജോർജ് യുപി സ്കൂളിലെ അധ്യാപിക റോണിയ പി. ചാക്കോ, മകൻ അഞ്ചു വയസുള്ള ഇവാൻ ജേക്കബ് എന്നിവർക്കാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. 504ൽനിന്ന് ഇവർ ബസിൽ വന്നിറങ്ങിയപ്പോൾ ഇവാനെ തെരുവുനായ ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച മാതാവ് റോണിയയ്ക്കും നായയുടെ ആക്രമണത്തിൽ പരിക്കേറ്റു.
ഗുരുതരമായി പരിക്കേറ്റ ഇരുവരും കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടി. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ നായയെ പിടികൂടി പിന്നീട് നടത്തിയ പരിശോധനയിൽ പേ വിഷബാധ സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ കോരുത്തോട് പഞ്ചായത്ത് അതികൃതർ മേഖലയിൽ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറേ നാളുകളായി പള്ളിപ്പടി മേഖലയിൽ തെരുവുനായ ശല്യം അതിരൂക്ഷമാണ്. നിരവധി തെരുവുനായ്ക്കളാണ് റോഡിന്റെ വശത്തുകൂടി അലഞ്ഞു നടക്കുന്നത്. സ്കൂൾ വിദ്യാർഥികളും കാൽനട യാത്രക്കാരുമാണ് തെരുവുനായയുടെ ആക്രമണത്തിന് ഇരയാകുന്നത്.
ശബരിമല മണ്ഡലകാലം ആരംഭിച്ചതോടെ നിരവധി തീർഥാടക വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. റോഡിന്റെ വശങ്ങളിൽ തീർഥാടകർ വിശ്രമിക്കുന്നതിനായി സമയം കണ്ടെത്താറുണ്ട്. അടിയന്തരമായി മേഖലയിലെ തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യമാണ് ശക്തമാകുന്നത്.
സമാനമായ രീതിയിൽ കഴിഞ്ഞ ദിവസം പുലിക്കുന്നിലും വളർത്തുനായ ആക്രമണം നടത്തിയിരുന്നു. നാലു പേർക്കാണ് നായയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റത്. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ വളർത്തുനായയെ പിടികൂടാൻ ശ്രമം തുടരുകയാണ്.