ചേറ്റുതോട് വാട്ടർഷെഡ് പദ്ധതി ഉദ്ഘാടനം ചെയ്തു
1486757
Friday, December 13, 2024 5:44 AM IST
ഈരാറ്റുപേട്ട: സംസ്ഥാന തൊഴിൽ കൺസർവേഷൻ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ തിടനാട് പഞ്ചായത്ത് എട്ടാം വാർഡിൽ ചേറ്റുതോട്-ചാണകക്കുളം ഭാഗത്ത് നടപ്പിലാക്കുന്ന വാട്ടർഷെഡ് പദ്ധതിയുടെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു.
കല്ല് കയ്യാലകൾ നിർമിച്ചും അരുവികളുടെയും പുഴകളുടെയും തീരങ്ങൾ സംരക്ഷിച്ചും മഴക്കുഴികൾ നിർമിച്ചും മണ്ണൊലിപ്പും വെള്ളപ്പൊക്കവും തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം. വലിയ തോതിലുള്ള മണ്ണിടിച്ചിലും ഉരുൾപൊട്ടൽ പോലെയുള്ള ദുരന്തങ്ങളും പ്രതിരോധിക്കുന്നതിനും വാട്ടർ ഷെഡ് പദ്ധതികൾ സഹായകരമാണ്.
ചേറ്റുതോട്, ചാണകക്കുളം ഭാഗത്ത് കൃഷിഭൂമികളുടെ സംരക്ഷണവും അരുവികളുടെയും നീർച്ചാലുകളുടെയും തീരസംരക്ഷണവുമാണ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നതെന്ന് എംഎൽഎ അറിയിച്ചു. മണ്ണ് സംരക്ഷണവകുപ്പിൽനിന്നു 14 ലക്ഷം രൂപ അനുവദിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. മൂന്നുമാസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കുമെന്ന് എംഎൽഎ അറിയിച്ചു.
വാർഡ് മെംബർ ജോയിച്ചൻ കാവുങ്കൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം ജോസഫ് ജോർജ് വെള്ളൂക്കുന്നേൽ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മെംബർ ഷെറിൻ പെരുമാംകുന്നേൽ, മണ്ണ് സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥൻ നൈസാം, ഗുണഭോക്തൃ പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.