ഓട്ടോറിക്ഷകളെ ഇടിച്ചു മിനി ബസ് പാഞ്ഞു; രണ്ടു പേർക്ക് പരിക്ക്
1486760
Friday, December 13, 2024 5:56 AM IST
കണമല: നിയന്ത്രണംവിട്ട് ഇറക്കത്തിലൂടെ പാഞ്ഞ തീർഥാടക മിനി ബസ് ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറി രണ്ട് ഓട്ടോറിക്ഷകളിൽ ഇടിച്ച ശേഷം നിർത്താതെ പാഞ്ഞു. അപകടത്തിൽ രണ്ട് ഓട്ടോ ഡ്രൈവർമാർക്ക് പരിക്ക്. പമ്പയിലേക്കുള്ള അയ്യപ്പഭക്തരെ കയറ്റിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനടുത്തു കൂടിയാണ് തീർഥാടക ബസ് നിയന്ത്രണം തെറ്റി ഓട്ടോറിക്ഷകളെ ഇടിച്ചത്. ഭക്തർ ബസിൽ കയറിയതിനാൽ വൻ അപകടം ഒഴിവായി.
ഇന്നലെ രാവിലെ 11.30ഓടെ കണമല ടൗണിലാണ് അപകടം. അതീവ അപകട മേഖലയായ കണമല ഇറക്കത്തിലാണ് നിയന്ത്രണം തെറ്റി മിനി ബസ് പാഞ്ഞെത്തിയത്. ഓട്ടോറിക്ഷകളെ ഇടിച്ചു നീക്കി അപകടത്തിൽപ്പെട്ടിട്ടും നിർത്താതെ പാഞ്ഞുപോയ ബസ് കണമല പാലത്തിൽവച്ച് പോലീസ് തടഞ്ഞു പിടികൂടി.
കണമല സ്റ്റാൻഡിലെ ഓട്ടോറിക്ഷാ ഡ്രൈവർമാരായ ചെരിവിൽ അരുൺ, സന്നിധാനം രാജു എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശബരിമല ദർശനത്തിന് വന്ന ഇതര സംസ്ഥാനക്കാരായ തീർഥാടകർ സഞ്ചരിച്ച മിനി ബസാണ് അപകടമുണ്ടാക്കിയത്. ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.
ഇന്നലെ രാവിലെ മിനി ബസ് ഇടിച്ച് അപകടമുണ്ടായ കണമല ടൗണിന് തൊട്ടടുത്ത് മൂക്കൻപെട്ടി റോഡിൽ വൈകുന്നേരം 4.30ഓടെ ടവേര കാർ നിയന്ത്രണം തെറ്റി വൈദ്യുതിപോസ്റ്റിലും മരത്തിലും ഇടിച്ച് അപകടമുണ്ടായി. സംഭവത്തിൽ ആർക്കും പരിക്കില്ല. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണം.