വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പുതിയ റബര്‍ ക്ലോണ്‍
1486753
Friday, December 13, 2024 5:44 AM IST
കോട്ടയം: കേരളം ഉള്‍പ്പെടെ പരമ്പരാഗത റബര്‍ മേഖലയെ അവഗണിച്ച് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കൃഷിവ്യാപനത്തിന് റബര്‍ ബോര്‍ഡിന്റെ ഊന്നല്‍. വടക്കുകിഴക്കന്‍ പ്രദേശങ്ങള്‍ക്ക് അനുയോജ്യമായ ജനിതകമാറ്റം വരുത്തിയ പുതിയ ക്ലോണ്‍ ആര്‍ആര്‍ഐഐ 417 റബര്‍ ബോര്‍ഡ് പുറത്തിറക്കി.
കേരളത്തിന് വലിയ നേട്ടം നല്കിയ ആര്‍ആര്‍ഐഐ 105 ഇനത്തിനുശേഷം ഗവേഷണകേന്ദ്രം വികസിപ്പിച്ച ആര്‍ആര്‍ഐഐ 414, 430 സീരീസ് ക്ലോണുകള്‍ വലിയ ഉത്പാദനക്ഷമത നല്‍കിയില്ല.
ഈ സാഹചര്യത്തില്‍ 105 ഇനം നവീകരിക്കാനുള്ള കര്‍ഷകരുടെ ആവശ്യം അവഗണിച്ച് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ രണ്ടു ലക്ഷം ഹെക്ടറില്‍ ഉത്പാദനം കൂട്ടാനുള്ള പദ്ധതിയാണ് ആവിഷ്കരിക്കുന്നത്. തണുപ്പു കൂടുതലുള്ള കാലാവസ്ഥയെ പ്രതിരോധിക്കുന്നതും രോഗബാധ കുറവുള്ളതും ഉത്പാദനക്ഷമത കൂടിയതുമാണ് പുതിയ ക്ലോണ്‍. ഒരു ഹെക്ടറിലെ 80 ശതമാനം മരങ്ങളും ഏഴാം വര്‍ഷം ടാപ്പിംഗ് തുടങ്ങാവുന്ന വിധം വളര്‍ച്ചയുണ്ട്.
ഒരു ഹെക്ടറില്‍നിന്ന് പ്രതിവര്‍ഷം ശരാശരി 2080 കിലോ ഉണക്ക റബര്‍ ഉത്പാദനക്ഷമതയുണ്ട്. നിലവില്‍ വടക്കുകിഴക്കന്‍ പ്രദേശങ്ങള്‍ക്ക് അനുയോജ്യമായ മൂന്നിനം ക്ലോണുകള്‍ ലഭ്യമാണ്. രാജ്യത്തെ ആകെ റബര്‍ കൃഷിയുടെ 30 ശതമാനം ഈ മേഖലയിലാണ്. ഉത്പാദനത്തിന്റെ 17 ശതമാനവും ഇവിടെത്തന്നെ. ഒരു പതിറ്റാണ്ടിനുള്ളില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഉത്പാദനക്ഷമത 30 ശതമാനമായി ഉയരും.