വെയ്റ്റിംഗ് ഷെഡ് ഉദ്ഘാടനം ചെയ്യാന്‍ കുരുന്നുകള്‍
1485575
Monday, December 9, 2024 5:45 AM IST
പയപ്പാര്‍: അമ്പലം ബസ് സ്റ്റോപ്പിലെ പാലാ - ഏഴാച്ചേരി - രാമപുരം റൂട്ടിലുള്ള പ്രസിദ്ധമായ പയപ്പാര്‍ ശ്രീധര്‍മശാസ്താ ക്ഷേത്രജംഗ്ഷനില്‍ പണിതീര്‍ത്ത വെയ്റ്റിംഗ് ഷെഡ് കുരുന്നുകള്‍ തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു.
കലാസംഘമായ പയപ്പാര്‍ കലാക്ഷേത്രയുടെ സാരഥി ചെറുവള്ളിയില്ലം സി.ഡി. നാരായണന് നമ്പൂതിരിയാണ് വെയ്റ്റിംഗ് ഷെഡ് പണിത് നാടിന് സമര്‍പ്പിച്ചത്. 250-ഓളം കുടുംബങ്ങള്‍ പയപ്പാര്‍ ക്ഷേത്രപരിസരത്ത് താമസിക്കുന്നുണ്ട്. എന്നാല്‍ നാളിതുവരെ ഇവിടെയൊരു വെയ്റ്റിംഗ് ഷെഡ് ഉണ്ടായിരുന്നില്ല.
പയപ്പാര്‍ അമ്പലം ബസ് സ്റ്റോപ്പില്‍നിന്ന് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് പാലാ, രാമപുരം പ്രദേശങ്ങളിലേക്ക് ബസ് കാത്തുനിൽക്കുന്നത്. കുട്ടികളായ സൂരജ് ആര്. നായര്‍, സൗരഭ് ആര്. നായര്‍, കേശവ് എ. നായര്‍, മാധവ് അജേഷ് കുമാര്‍, നിവേദ്യ അജിത് എന്നീ അഞ്ച് കുട്ടികള്‍ ചേര്‍ന്നാണ് ഇന്നലെ രാവിലെ വെയ്റ്റിംഗ് ഷെഡ് ഉദ്ഘാടനം ചെയ്തത്.
കരൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ശൈലജ രവീന്ദ്രന് നാട മുറിച്ചു. വെയ്റ്റിംഗ് ഷെഡ് നിര്‍മിച്ചു നല്കിയ സി.ഡി. നാരായണന് നമ്പൂതിരിയെ കരൂര്‍ പഞ്ചായത്ത് മെംബര്‍ ലിന്റണ് ജോസഫ് അനുമോദിച്ചു.
വി.എസ്. ഹരിപ്രസാദ്, ലിന്റണ് ജോസഫ്, അജേഷ് കുമാര്‍, സി.ഡി. നാരായണന് നമ്പൂതിരി, രവീന്ദ്രന് നായര്‍, ആശാ മനോജ്, പ്രദീപ് നന്ദകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.