മേരി നാമധാരീ സംഗമം ശ്രദ്ധേയമായി
1485572
Monday, December 9, 2024 5:45 AM IST
തിടനാട്: ഈശോമിശിഹായുടെ രക്ഷാകര ദൗത്യത്തിൽ സഹരക്ഷകയെന്ന നിലയിൽ അനുഭവിക്കേണ്ടിവന്ന വേദനകളും നിന്ദാപമാനങ്ങളും പരാതി കൂടാതെ സഹിച്ച പരിശുദ്ധ കന്യകമറിയത്തെ ഓരോ സ്ത്രീയും മാതൃകയാക്കണമെന്ന് ആർച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ.
യൗസേപ്പിതാവിന്റെ പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നായ തിടനാട് പള്ളിയിൽ അമലോത്ഭവ മാതാവിന്റെ ജൂബിലിത്തിരുനാളിനോടനുബന്ധിച്ച് നടത്തിയ മേരി നാമധാരീ സംഗമത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
മുന്നൂറോളം മേരിനാമധാരികൾ പങ്കെടുത്ത സംഗമം നാടിന് വേറിട്ട ഒരനുഭവമായി. ഇടവക സ്ഥാപനത്തിന്റെ 160-ാം വാർഷികം ആഘോഷിക്കുന്ന ദേവാലയത്തിലെ പ്രധാന തിരുനാളായ യൗസേപ്പിതാവിന്റെ വിവാഹത്തിരുനാളിനോടനുബന്ധിച്ച് ജോസഫ് നാമധാരീ സംഗമവും പതിവായി നടത്തിവരുന്നു.
സംഗമത്തിന് വികാരി ഫാ. സെബാസ്റ്റ്യൻ എട്ടുപറയിൽ, അസിസ്റ്റന്റ് വികാരി ഫാ. മനു പന്തമാക്കൽ, കൈക്കാരന്മാരായ കുര്യൻ തെക്കുംചേരിക്കുന്നേൽ, സാബു തെള്ളിയിൽ, സജി പ്ലാത്തോട്ടം, മാത്തച്ചൻ കുഴിത്തോട്ട് എന്നിവർ നേതൃത്വം നൽകി.