നാഷണല്‍ സ്കൂള്‍ ഗെയിംസില്‍ പാലാ സെന്റ് തോമസ് സ്കൂളിന് പൊന്‍തിളക്കം
1485323
Sunday, December 8, 2024 5:23 AM IST
പാലാ: ലക്നൗവില്‍ നടന്നുകൊണ്ടിരിക്കുന്ന 68-ാമത് നാഷണല്‍ സ്കൂള്‍ ഗെയിംസില്‍ പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കായികപ്രതിഭകള്‍ കേരളത്തിനുവേണ്ടി മൂന്നു സ്വര്‍ണ മെഡല്‍ നേടി തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവച്ചു.
സീനിയര്‍ ആണ്‍കുട്ടികളുടെ നീന്തല്‍ മത്സരത്തില്‍ സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായ കെവിന് ജിനു 50 മീറ്റര്‍ ബ്രെസ്റ്റ് സ്ട്രോക്ക്, 100 മീറ്റര്‍ ബ്രെസ്റ്റ് സ്ട്രോക്ക് ഇനങ്ങളില്‍ സ്വര്‍ണം നേടി. ആണ്‍കുട്ടികളുടെ അണ്ടര്‍-17 വിഭാഗത്തില്‍ പോള്‍വാള്‍ട്ടില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി മിലന് സാബു സ്വർണം നേടി. ആണ്‍കുട്ടികളുടെ അണ്ടര്‍-17 വിഭാഗത്തില്‍ 400 മീറ്റര്‍ റിലേയില്‍ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി സാബിന് ജോര്‍ജ് വെള്ളി നേടി.
അഭിമാനകരമായ നേട്ടം കൈവരിച്ച വിദ്യാർഥികൾ രൂപത കോര്‍പറേറ്റ് സെക്രട്ടറി ഫാ. ജോര്‍ജ് പുല്ലുകാലായില്‍, സ്കൂള്‍ മാനേജര്‍ റവ. ഡോ. ജോസ് കാക്കല്ലില്‍, നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ബൈജു കൊല്ലപറമ്പില്‍, പ്രിന്‍സിപ്പല്‍ റെജിമോന് കെ. മാത്യു, ഹെഡ്മാസ്റ്റര് ഫാ. റെജി സ്കറിയ, പിടിഎ പ്രസിഡന്റ് വി.എം. തോമസ്, കായികാധ്യാപകന് ഡോ. ബോബന് ഫ്രാന്‍സിസ് എന്നിവര്‍ അഭിനന്ദിച്ചു.