148-ാമത് മന്നം ജയന്തി ആഘോഷം ജനുവരി ഒന്ന്, രണ്ട് തീയതികളില്‍
1484955
Friday, December 6, 2024 7:22 AM IST
ചങ്ങനാശേരി: 148-ാമത് മന്നം ജയന്തി ആഘോഷം ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് നടക്കും. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അറിയിച്ചു.
ഒന്നിന് രാവിലെ ഭക്തിഗാനാലാപം, ഏഴുമുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന, 10.15ന് നടക്കുന്ന അഖില കേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ സ്വാഗതവും വിശദീകരണവും നല്‍കും. പ്രസിഡന്റ് ഡോ.എം. ശശികുമാര്‍ അധ്യക്ഷത വഹിക്കും. സംഘടനാവിഭാഗം മേധാവി വി.വി. ശശിധരന്‍നായര്‍ നന്ദി പറയും.
ഉച്ചകഴിഞ്ഞ് മൂന്നിന് ചെങ്കോട്ട ഹരിഹരസുബ്രഹ്മണ്യത്തിന്റെ സംഗീതക്കച്ചേരി, 6.30ന് ചലച്ചിത്രതാരം രമ്യ നമ്പീശനും സംഘവും അവതരിപ്പിക്കുന്ന നൃത്തം. രാത്രി ഒമ്പതിന് തിരുവല്ല ശ്രീവല്ലഭ വിലാസം കഥകളിയോഗം അവതരിപ്പിക്കുന്ന മേജര്‍ സെറ്റ് കഥകളി ഉത്തരാസ്വയംവരം.
രണ്ടിന് മന്നം ജയന്തി ആഘോഷം നടക്കും. രാവിലെ ഭക്തിഗാനാലാപം, ഏഴുമുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന, എട്ടിന് വെട്ടിക്കവല കെ.എന്‍. ശശികുമാറും സംഘവും അവതരിപ്പിക്കുന്ന നാഗസ്വരക്കച്ചേരി. 10.30ന് വിശിഷ്ടാതിഥികള്‍ക്ക് സ്വീകരണം. മന്നംജയന്തി സമ്മേളനം അറ്റോര്‍ണി ജനറല്‍ ഓഫ് ഇന്ത്യ ആര്. വെങ്കിട്ടരമണി ഉദ്ഘാടനം ചെയ്യും.
എന്‍എസ്എസ് പ്രസിഡന്റ് എം. ശശികുമാര്‍ അധ്യക്ഷത വഹിക്കും. മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി അനുസ്മരണ പ്രഭാഷണം നടത്തും. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍, ട്രഷറര്‍ അഡ്വ.എന്‍.വി. അയ്യപ്പന്‍പിള്ള എന്നിവര്‍ പ്രസംഗിക്കും.