നെല്‍കൃഷിക്കു ശാപമായി നിര്‍മാണം തടസപ്പെട്ട പെരുമ്പുഴക്കടവ് പാലം
1484951
Friday, December 6, 2024 7:22 AM IST
ചങ്ങനാശേരി: നിര്‍മാണം തടസപ്പെട്ടുകിടക്കുന്ന പെരുമ്പുഴക്കടവ് പാലത്തിനടിയിൽ മുട്ടിട്ടു നിര്‍മിച്ച റോഡ് നാട്ടുകാര്‍ക്ക് ആശ്രയമാണെങ്കിലും പായിപ്പാട് പഞ്ചായത്തിലെ നെല്‍കൃഷിക്ക് വിനയാണ്. ശക്തമായ മഴ പെയ്യുമ്പോള്‍ വെള്ളം ഒഴുകിപ്പോകുന്നതിന് മുട്ടിനടിയിലെ പൈപ്പിന് വ്യാസമില്ലാത്തതാണ് പ്രതിസന്ധിയാകുന്നത്.
ഈ പാലത്തിന്റെ സമീപങ്ങളിലുള്ള തോടുകള്‍ പോളയും ചെളിയും തിങ്ങിക്കിടക്കുന്നതും ഒഴുക്കു തടസത്തിനും വെള്ളപ്പൊക്കത്തിനു കാരണമാണ്. പൂവം, നക്രാല്‍ റോഡിലെ തേവങ്കേരി ഭാഗത്തുള്ള മുട്ടും ഒഴുക്കുതടസം സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ മഴയില്‍ മട വീണ് പാടശേഖരങ്ങളിലെ കൃഷിനാശത്തിനു കാരണമായതും ഈ മുട്ടാകാമെന്ന് കര്‍ഷകരും കൃഷിവകുപ്പ് ഉദ്യോഗസ്ഥും ചൂണ്ടിക്കാട്ടുന്നു.
പായിപ്പാട് പഞ്ചായത്തിലെ പൂവം ഭാഗത്തോടു ചേര്‍ന്നുള്ള വിവിധ പാടശേഖരങ്ങളിലെ നെല്‍കൃഷി നാശത്തിന് ഈ മുട്ടുകളാണ് കാരണമെന്നും ഇവ പൊളിച്ചുമാറ്റാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.