തിരുപുരം ക്ഷേത്രത്തിലെ പകൽപ്പൂരം വർണാഭമായി
1484949
Friday, December 6, 2024 7:22 AM IST
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് തിരുപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പകൽ പൂരം വർണാഭമായി. പൂരത്തിൽ പങ്കെടുക്കാൻ ഗജരാജാക്കൻ എത്തിത്തുടങ്ങിയതോടെ ആനപ്രേമികളുടെ പ്രവാഹമായി.
ഇന്നലെ വൈകുന്നേരം അഞ്ചിന് ക്ഷേത്രത്തിന്റെ തെക്കേമൈതാനിയിൽ 15 ഗജവീരൻമാരാണ് ചമയങ്ങൾ അണിഞ്ഞ് പൂരത്തിന് അണിനിരന്നത്. പൂരത്തിൽ പങ്കെടുക്കാനായി ഗജവീരൻമാർ പൂരപ്പറമ്പിലേക്ക് എത്തിത്തുടങ്ങിയപ്പോൾതന്നെ പൂരപ്രേമികൾ പൂര മൈതാനിയിലേക്ക് പ്രവഹിച്ചു തുടങ്ങിയിരുന്നു. ഗജരാജൻ ഇന്ദ്രസെൻ തിരുപുരത്തപ്പന്റെ തിടമ്പേറ്റി. ഗുരുവായൂർ വലിയ വിഷ്ണു. ഗുരുവായൂർ രവികൃഷ്ണൻ, ടി.ഡി.ബി. മണികണ്ഠൻ, ഈരാറ്റുപേട്ട അയ്യപ്പൻ, നന്ദിലത്ത് ഗോപാലകൃഷ്ണൻ,
ഊട്ടോളി മഹാദേവൻ, വടക്കും നാഥൻ ഗണപതി, കുറുവട്ടൂർ ഗണേശ്, ബാസ്റ്റ്യൻ വിനയസുന്ദർ, കുളമാക്കിൽ ഗണേശൻ, മാറാടി അയ്യപ്പൻ, ഉണ്ണിപ്പിള്ളി ഗണേശൻ, ആയയിൽ ഗൗരി നന്ദൻ, തോട്ടക്കാട് വിനായകൻ എന്നീ കരിവീരൻമാർ അകമ്പടിയേകി. കുടമാറ്റം,മയിലാട്ടം എന്നിവ പൂരത്തിന് വർണപകിട്ടേകി. ക്ഷേത്രം തന്ത്രി മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരി, എംഎൽഎമാരായ സി.കെ. ആശ, മോൻസ് ജോസഫ് എന്നിവർ ദീപപ്രകാശനം നടത്തിയതോടെയാണ് പൂരം തുടങ്ങിയത്.
പെരുവനം സതീശൻ മാരാരുടെ പ്രമാണിത്വത്തിൽ 100ൽപ്പരം വാദ്യ കലാകാരൻമാർ പങ്കെടുത്ത പാണ്ടിമേളം പൂരത്തിനു മിഴിവേകി. രണ്ടു മണിക്കൂർ നീണ്ട പുരാഘോഷത്തിന്റെ ഭാഗമാകാൻ വൻ ജനാവലിയാണ് പൂരമൈതാനിയിൽ എത്തിയിരുന്നത്. ആനകളെ നിശ്ചിത അകലം പാലിച്ചു നിർത്തിയാണ് ക്ഷേത്രം ഭാരവാഹികൾ പൂരം നടത്തിയത്.