തലയോലപ്പറമ്പ് ഡിബി കോളജിന്റെ സ്ഥലം കൈയേറിയതായി പരാതി
1484948
Friday, December 6, 2024 7:22 AM IST
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ് കോളജിന്റെ ഭൂമി സ്വകാര്യ വ്യക്തി കൈയേറിയതായി പരാതി.
കോളജിലെ മലയാളം വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു പിന്നിലുള്ള ഭൂമി തരിശിടങ്ങളില്‍ കൃഷി ചെയ്യാനുള്ള കൃഷി വകുപ്പ് നിര്‍ദേശത്തിന്റെ മറവില്‍ കൈയേറിയതായാണ് ആരോപണം ഉയര്‍ന്നത്.
കോളജിന്റെ മലയാളം,പൊളിറ്റിക്സ് വിഭാഗങ്ങളുടെയും മൈതാനത്തിന്റെയും അതിർത്തിക്കപ്പുറത്ത് ഇറിഗേഷന്‍ വകുപ്പിന്റെ സ്ഥലമാണ്.
ഇവിടെ സ്വകാര്യ കര്‍ഷക ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ പൈനാപ്പിള്‍ കൃഷി ചെയ്യുന്നതിനായി ജെസിബി ഉപയോഗിച്ച് തലയോലപ്പറമ്പ്-എറണാകുളം റോഡിൽ നിന്നും ഭൂമി തുരന്ന് വഴി ഉണ്ടാക്കുകയും വാരം കീറുകയും ചെയ്തിട്ടുണ്ട്. ഈ പണിക്കിടയിലാണ് കോളജിലെ മലയാളം വിഭാഗം കെട്ടിടത്തോടു ചേര്‍ന്നുകിടക്കുന്ന ഭൂമിയിലും ജെസിബി ഉപയോഗിച്ച് ഉഴുതുമറിച്ചത്.
മണ്ണ് നിവര്‍ത്തുന്നതിനിടെ ഇവിടെ ഉണ്ടായിരുന്ന മരങ്ങളും മറ്റും നശിപ്പിക്കപ്പെട്ടു. വില്ലേജില്‍ നിന്നും ലഭിച്ച റീ സര്‍വേ സ്കെച്ച് ഉപയോഗിച്ച് അളവ് നടത്തിയതിലും അനധികൃത കൈയേറ്റം വ്യക്തമാണ്. പ്രിന്‍സിപ്പൽ ദേവസ്വം ബോര്‍ഡ് ഡപ്യൂട്ടി കമ്മീഷണര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് ബോര്‍ഡ് വിജിലന്‍സ് വിഭാഗം സ്ഥലത്തെത്തി പരിശോധ നടത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ദേവസ്വം ബോര്‍ഡ് വക ഭൂമി ദേവസ്വം ലാന്‍ഡ് തഹസില്‍ദാറുടെ നേതൃത്വത്തില്‍ അളന്നുതിട്ടപ്പെടുത്തിയാല്‍ മാത്രമേ എത്രത്തോളം ഭൂമി കൈയേറിയിട്ടുണ്ടെന്ന് വ്യക്തമാകു. എത്രയും വേഗം ഭൂമി അളക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കണമെന്ന് ഓള് കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷന് ഡിബി കോളജ് യൂണിറ്റ് ആവശ്യപ്പെട്ടു.
അനധികൃത ഭൂമി കൈയേറ്റത്തിനെതിരെ ഡിബി കോളജിലെ അധ്യാപക-അനധ്യാപക-വിദ്യാര്‍ഥി കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കെമിസ്ട്രി വിഭാഗം മേധാവി ഡോ. ഹരിനാരായണന് അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പൽ ഡോ.ആര് അനിത, ഡോ.ആശിഷ് മാര്ട്ടിന് ടോം,ഡോ. വിജയ്കുമാര്‍, സൂപ്രണ്ട് ഇന്‍ ചാര്‍ജ് കെ.കെ. ഹരിലാല്‍ എന്നിവര്‍ പ്രസംഗിച്ചു.