വഴി തുറന്നു കിട്ടാന്‍ അഞ്ചുവര്‍ഷമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി മടുത്തെന്ന് പ്രവാസി
1484947
Friday, December 6, 2024 7:22 AM IST
കടുത്തുരുത്തി: പഞ്ചായത്ത് അടച്ചുകെട്ടിയ തന്റെ സ്ഥലത്തേക്കുള്ള വഴി തുറന്നു കിട്ടാന്‍ അഞ്ച് വര്‍ഷമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി മടുത്തെന്ന് പ്രവാസി. പിഡബ്ല്യുഡി റോഡിന്റെ വളവ് നിവര്‍ത്താന്‍ സര്‍ക്കാരിന് സൗജന്യമായി അഞ്ച് സെന്റ് സ്ഥലം വിട്ടു നല്കിയ കടുത്തുരുത്തി കുറിച്ച്യാപ്പറമ്പില് ജോണ്‍ കെ. ആന്റണിക്കാണ് ഈ ദുര്‍ഗതി.
ഇതു പഞ്ചായത്തിന്റെ സ്ഥലമാണെന്ന് പഞ്ചായത്തധികൃതര്‍ പറയുന്നു. എന്‍ആര്‍ഐകള്‍ക്ക് തൊഴില്‍ സാഹചര്യം സൃഷ്ടിക്കാന്‍ അനുകൂല നിലപാടുകളെടുക്കണമെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാടിന് വിരുദ്ധമായി സിപിഎം നേതൃത്വം നല്കുന്ന കടുത്തുരുത്തി പഞ്ചായത്താണ് ഇദ്ദേഹത്തിന്റെ സ്ഥലത്തേക്കുള്ള വഴി അടച്ചതെന്ന വൈരൂദ്ധ്യവുമുണ്ട്. കടുത്തുരുത്തി-ഞീഴൂര്‍ റോഡില്‍ പാലകരയില്‍ പിഎല്‍സി ഫാക്ടറിക്കു മുന്നിലെ വളവ് നിവര്‍ത്തുന്നതിനാണ് 2016 ല്‍ ജോണ്‍ സര്‍ക്കാരിന് സ്ഥലം നല്‍കിയത്.
കടുത്തുരുത്തി എസ്കെവി മാര്‍ക്കറ്റിന് സമീപത്ത് ഇദേഹത്തിനുള്ള ഒമ്പത് സെന്റ് ഭൂമിയിലേക്കുള്ള വഴിയാണ് പഞ്ചായത്ത് അടച്ചത്. വിദേശത്ത് ജോലി ചെയ്തിരുന്ന ജോണ്‍ കെ. ആന്റണി നാട്ടില്‍ മടങ്ങിയെത്തിയശേഷം മാര്‍ക്കറ്റിന് സമീപത്തുള്ള സ്ഥലത്ത് കെട്ടിടം നിര്‍മിച്ചു വ്യാപാരം നടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഇതുമായി ബന്ധപ്പെട്ട പണികള്‍ ആരംഭിക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെ പഞ്ചായത്ത് ഇങ്ങോട്ടേക്കുള്ള വഴി അടച്ചു. തുടര്‍ന്ന് വഴി തുറന്ന് കിട്ടുന്നതിനായി ജോണ്‍ ആരംഭിച്ച ശ്രമങ്ങളാണ് ഇന്നും തുടരുന്നത്.
പഞ്ചായത്ത് തര്‍ക്ക പരിഹാര സമിതി, താലൂക്ക് സമിതി, ജില്ലാ കളക്ടര്‍, മന്ത്രിമാര്‍, നവകേരള സദസ് എന്നിങ്ങനെ പരാതി നല്കാന് ഇനിയൊരിടവുമില്ലെന്ന് ഇദ്ദേഹം പറയുന്നു. അധികാരികളാരും ഇതുവരെ കണ്ണ് തുറന്നിട്ടില്ല. എന്‍ആര്‍ഐ കമ്മീഷന് നല്കിയ പരാതിയില്‍ അന്വേഷണം നടത്തിയ ശേഷം കമ്മീഷന് 30 ദിവസത്തിനകം വഴി തുറന്ന് കൊടുക്കാന്‍ പഞ്ചായത്തിനോട് നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനമനുസരിച്ചു ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയെന്ന് സെക്രട്ടറി പറഞ്ഞു.
ഇവിടെ വ്യാപാരം ചെയ്താല്‍ അതിന്റെ വരുമാനം പഞ്ചായത്തിനും ലഭിക്കുമെന്നിരിക്കെ എന്തുക്കൊണ്ടാണ് പഞ്ചായത്ത് ഇതിന് തുരങ്കം വയ്ക്കുന്നതെന്ന് ജോണ്‍ ചോദിക്കുന്നു. മനപൂര്‍വം തന്നെ ഉപദ്രവിക്കുന്ന സമീപനമാണ് പഞ്ചായത്തധികാരികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും ഇദേഹം പറയുന്നു. ഇക്കാര്യത്തില്‍ അധികാരികള്‍ കണ്ണ് തുറക്കുമെന്ന പ്രതീക്ഷയാണ് കടുത്തുരുത്തി ടൗണില്‍ മെഡിക്കല്‍ ഷോപ്പ് നടത്തുന്ന പ്രവാസിക്കുള്ളത്.
ഇതേസമയം പരാതിക്കാരന്റെ സ്ഥലത്തേക്ക് മൂന്നടി വഴിയുണ്ടെന്നും പഞ്ചായത്തിന്റെ സ്റ്റാളുകള്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്ത് കൂടി വഴിക്കായി കൂടുതല്‍ സ്ഥലം വിട്ട് നല്‍കാനാവില്ലെന്നും പഞ്ചായത്ത് സെക്രട്ടറി സുരേഷ്കുമാര്‍ പറഞ്ഞു.