കടുത്തുരുത്തി ടൗണ്‍ ബൈപാസ് 9.60 കോടിയുടെ പദ്ധതി അന്തിമഘട്ടത്തില്‍
1484946
Friday, December 6, 2024 7:22 AM IST
കടുത്തുരുത്തി: കോട്ടയം - എറണാകുളം റോഡിന് സമാന്തരമായി യാഥാര്‍ഥ്യമാകുന്ന കടുത്തുരുത്തി ടൗണ്‍ ബൈപാസ് റോഡ് നിര്‍മാണത്തിന്റെ അന്തിമഘട്ട പൂര്‍ത്തീകരണത്തിന് 9.60 കോടി രൂപയുടെ വികസന പദ്ധതി നടപ്പാക്കാന്‍ നടപടിയായി. മോന്‍സ് ജോസഫ് എംഎല്‍എയാണ് ഇക്കാര്യമറിയിച്ചത്.
കടുത്തുരുത്തി ഐടിസി ജംഗ്ഷന് സമീപത്ത് നിന്നുമാരംഭിച്ചു ബ്ലോക്ക് ജംഗ്ഷനില്‍ അവസാനിക്കുന്ന ടൗണ്‍ ബൈപാസ് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണമാണ് അന്തിമഘട്ടത്തില്‍ മുഖ്യമായും നടപ്പാക്കുന്നത്. ഇതിനുള്ള പ്രാഥമിക നടപടികളെല്ലാം സജ്ജമാക്കിയിട്ടുണ്ട്. ശേഷിക്കുന്ന മുഴുവന്‍ നിര്‍മാണ ജോലികളും ഒരുമിച്ചു പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
ഇക്കാര്യങ്ങളെല്ലാം ക്രമീകരിക്കുന്നതിനും അന്തിമഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനും റോഡ് നിര്‍മാണ നിര്‍ദേശങ്ങള്‍ പരിശോധിക്കുന്നതിനുമായി ഇന്ന് രാവിലെ പത്തിന് ബൈപാസ് വികസനയോഗം വിളിച്ചിട്ടുണ്ട്. 2008-ല്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി മോന്‍സ് ജോസഫ് പ്രവര്‍ത്തിച്ച കാലത്താണ് അഞ്ച് കോടി രൂപ അനുവദിച്ചു കടുത്തുരുത്തി ബൈപാസ് റോഡ് പദ്ധതിക്ക് തുടക്കമിട്ടത്.
തുടര്‍ന്ന് ബൈപാസിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. 2013 ല്‍ ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ബ്ലോക്ക് ജംഗ്ഷനില്‍ നിന്നും ഐടിസി ജംഗ്ഷനില്‍ നിന്നും തുടക്കം കുറിച്ചു. തുടര്‍ന്ന് വലിയപള്ളിക്കും താഴത്തുപള്ളിക്കും സമീപത്തായി ഫ്ളൈ ഓവര്‍ നിര്‍മാണവും ചുള്ളിതോടിന് കുറുകെ പാലത്തിന്റെ നിര്‍മാണവും പൂര്‍ത്തിയാക്കി. 2018 ലെ പ്രളയത്തെ തുടര്‍ന്ന് ബൈപാസിന്റെ പ്ലാനില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചു. ഇതു നിര്‍മാണം നീണ്ടുപോകാനിടയാക്കി.
പ്രളയത്തില്‍ കടുത്തുരുത്തി ടൗണില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വലിയതോടിന് കുറുകെയുള്ള പാലം കൂടുതല്‍ ഉയര്‍ത്തി പണിയുവാന്‍ നിര്‍ദേശമുണ്ടായി. ഇതനുസരിച്ചുള്ള സര്‍ക്കാര്‍ അനുമതി 2021-ല്‍ ലഭിച്ച ശേഷമാണ് വലിയതോടിന് കുറുകെയുള്ള പാലം നിര്‍മാണത്തിലേക്ക് കടന്നത്. ഇതെല്ലാം പൂര്‍ത്തിയാക്കി. ഇനി റോഡ് നിര്‍മാണമാണ് പൂര്‍ത്തിയാക്കാനുള്ളത്.
ഫ്ളൈ ഓവര്‍, വലിയതോട്, ചുള്ളിത്തോട് പാലങ്ങള്‍ എന്നിവയുമായി റോഡ് സംയോജിപ്പിച്ചു കൊണ്ടാണ് ബൈപാസ് നിര്‍മാണം പൂര്‍ത്തിയാക്കുന്നത്.