പോലീസ് കണ്ട്രോള് റൂം സംഘത്തിനു നേരെ ആക്രമണം; മൂന്നുപേർക്ക് പരിക്ക്
1484940
Friday, December 6, 2024 7:11 AM IST
പുതുപ്പള്ളി: പുതുപ്പള്ളിയില്‍ പോലീസ് കണ്ട്രോള് റൂം സംഘത്തിനു നേരെ യുവാക്കളുടെ ആക്രമണം. ആക്രമണത്തില്‍ പോലീസ് കണ്ട്രോള് റൂം വാഹനത്തിലുണ്ടായിരുന്ന മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. കണ്ട്രോള് റൂം വാഹനത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ രാജേഷ്, ഡ്രൈവര്‍ രോഹിത്, സിവില്‍ പോലീസ് ഓഫിസര്‍ ശ്യാം മഥനന്‍ എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
ഇന്നലെ വൈകുന്നേരം 7.30നു പുതുപ്പള്ളി ഭാഗത്തായിരുന്നു സംഭവം. ഇതുവഴി സ്കൂട്ടറില്‍ ട്രിപ്പിള്‍ എത്തിയ യുവാക്കള്‍ റോഡില്‍ മറിഞ്ഞു വീണു. ഇതുചോദ്യം ചെയ്ത നാട്ടുകാരും യുവാക്കളും തമ്മില്‍ സംഘര്‍ഷമുണ്ടായി. നാട്ടുകാര്‍ വിവരം 112ല്‍ അറിയിച്ചു. ഇതനുസരിച്ചു പോലീസ് കണ്ട്രോള് റൂം സംഘം സ്ഥലത്തെത്തി. യുവാക്കളെ വാഹനത്തിലേക്കു കയറ്റാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് സംഘത്തെ അവർ ആക്രമിക്കുകയായിരുന്നു.
ഒരാള്‍ പുതുപ്പള്ളി സ്വദേശിയും മറ്റുള്ളവര്‍ കാഞ്ഞിരപ്പള്ളി, മാവേലിക്കര സ്വദേശികളുമായിരുന്നു. പ്രതികളുടെ ആക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥനു നിസാര പരിക്കേറ്റു. ഇതേത്തുടര്‍ന്നു കണ്ട്രോള് റൂം പോലീസ് സംഘം പ്രതികളെ പിടികൂടി സ്റ്റേഷനിലെത്തിച്ചു. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.