അനധികൃത ടാക്സി-വാടക വാഹനങ്ങൾ നിരോധിക്കണമെന്ന്
1484939
Friday, December 6, 2024 7:11 AM IST
കോട്ടയം: അനധികൃത ടാക്സി-വാടക വാഹനങ്ങള്‍ നിരോധിക്കണമെന്ന് കേരളീയ ടാക്സി ഡ്രൈവേഴ്സസ് ഓര്ഗനൈസേഷന്. ആലപ്പുഴ കളര്‍കോട് വാഹനാപകടത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരും മോട്ടോര്‍ വാഹനവകുപ്പും ഗൗരവമായ നടപടികളെടുക്കണമെന്നും ഓര്ഗനൈസേഷന് ആവശ്യപ്പെട്ടു.
മോട്ടോര്‍ വാഹന നിയമങ്ങള്‍ പാലിക്കാതെ, അധികാരികളെയും നിയമവ്യവസ്ഥയെയും വെല്ലുവിളിച്ച് വാഹനം വാടകയ്ക്കു കൊടുക്കുന്നത് വ്യാപകമാണ്. സ്വകാര്യ വാഹനങ്ങള്‍ ടാക്സിയായി ഓടുന്നതും ഇപ്പോള്‍ പതിവായിക്കഴിഞ്ഞു. കളര്‍കോട് വാഹനാപകടത്തില്‍ വാഹനം അനധികൃതമായതിനാല്‍ ഇന്‍ഷ്വറന്‍സുകാരും കൈവിടും.
ഇന്‍ഷ്വറന്‍സ് തുക വാഹനം നല്കിയ വ്യക്തിയില്‍നിന്നു തന്നെ ഈടാക്കേണ്ടതുണ്ട്. അതിന് നിയമമില്ലെങ്കില്‍ നിയമപരിഷ്കരണം നടത്തണം. വാഹനത്തിന്റെ രജിസ്ട്രേഷന് റദ് ചെയ്യപ്പെടണം. സമാനരീതിയില്‍ ധാരാളം വാഹനങ്ങള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കു നല്‍കുകയും നിയമവിരുദ്ധമായി മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ കൊടുക്കുകയും അതൊരു വരുമാനമാര്‍ഗമായി സ്വീകരിക്കുകയും ചെയ്യുന്നതിനെതിരേ ശക്തമായ നടപടികള്‍ കൈക്കൊള്ളണം.
വാഹനങ്ങള്‍ റെന്റ് കൊടുക്കുകയും കള്ള ടാക്സികളായി ഓടുകയും ചെയ്യുന്ന നിയമലംഘനങ്ങള്‍ നിരോധിച്ച് അടിയന്തര ഉത്തരവുണ്ടാകണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തില്‍ ഓര്ഗനൈസേഷന് സംസ്ഥാന പ്രസിഡന്റ് പി.എ. മനോജ്, ജില്ലാ പ്രസിഡന്റ് മനോജ് പുതുപ്പള്ളി, സെക്രട്ടറി വി. മനോജ് എന്നിവര്‍ പങ്കെടുത്തു.