ഓടകൾ അടഞ്ഞ ഏറ്റുമാനൂരിൽ എന്നും വെള്ളക്കെട്ട്
1484936
Friday, December 6, 2024 7:11 AM IST
ഏറ്റുമാനൂർ: ഒരു മഴ പെയ്താൽ സർവത്ര വെള്ളക്കെട്ട്. ഏറ്റുമാനൂർ ടൗണിൽ വർഷങ്ങളായി തുടരുന്ന അവസ്ഥയാണിത്. ഓട അടഞ്ഞ് ഒഴുക്കു നിലച്ചതാണ് വെള്ളക്കെട്ടിനു കാരണമെന്ന് അറിയാത്തവരില്ല. പക്ഷേ വർഷങ്ങളായിട്ടും പരിഹാരമില്ല.
എംസി റോഡിലും പാലാ റോഡിലുമായി ഒട്ടേറെയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടും. പാലാ റോഡിൽ പേരൂർ കവല മുതൽ കട്ടച്ചിറ വരെ നാലു സ്ഥലങ്ങളിലും എംസി റോഡിൽ പോസ്റ്റ്ഓഫീസിനു സമീപം, വില്ലേജ് ഓഫീസിനു സമീപം, തവളക്കുഴി എന്നിവിടങ്ങളിലുമാണ് പ്രധാനമായും വലിയ വെള്ളക്കെട്ടുകൾ രൂപപ്പെടുന്നത്.
വില്ലേജ് ഓഫീസിനു സമീപവും പേരൂർ കവലയിലും വെള്ളക്കെട്ട് രൂപപ്പെടുന്നതുമൂലം വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി നാശനഷ്ടങ്ങൾ സംഭവിക്കുന്നത് പതിവാണ്.
സംസ്ഥാന പാതയിൽ ഓടയില്ല
പാറകണ്ടം മുതൽ കട്ടച്ചിറ വരെ നാലു സ്ഥലങ്ങളിലാണ് വലിയ വെള്ളക്കെട്ടുകൾ രൂപപ്പെടുന്നത്. ഇവിടെ അപൂർവം ഇടങ്ങളിൽ മാത്രമാണ് ഓട നിർമിച്ചിട്ടുള്ളത്. ഉള്ള ഓടയാകട്ടെ മണ്ണും മാലിന്യങ്ങളും നിറഞ്ഞ് നികന്നുകിടക്കുന്നു.
വെള്ളക്കെട്ട് രൂപപ്പെടുന്ന സ്ഥലങ്ങളിൽപോലും കൃത്യമായി ഓട തെളിക്കുന്നില്ല. റോഡിലെ ഉറവയും പ്രശ്നമാണ്. ഉള്ള ഓട തെളിക്കുന്നതിന് പൊതുമരാമത്ത് അധികൃതർ തയാറാകണം. ആവശ്യമായ കൂടുതൽ സ്ഥലങ്ങളിൽ ഓട നിർമിക്കണം. എങ്കിലേ സംസ്ഥാനപാതയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ഉണ്ടാകുകയുള്ളു.
പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥ
പ്രശ്നം ഇത്ര രൂക്ഷമാകാൻ പ്രധാന കാരണം പൊതുമരാമത്ത് വകുപ്പാണെന്ന് നാട്ടുകാരും വ്യാപാരികളും ആരോപിക്കുന്നു. ടൗൺ മുതൽ പാറകണ്ടം വരെ പാലാ റോഡിൽ ഓടയുടെ പുനർനിർമാണത്തിന് മന്ത്രി വി.എൻ. വാസവന്റെ പ്രത്യേകതാത്പര്യത്തിൽ ഫണ്ട് അനുവദിച്ചിട്ടും ഓട നിർമാണം എങ്ങുമെത്തിയിട്ടില്ല.
ഓടയുടെ കൽക്കെട്ടുകൾ ഇടിഞ്ഞും മാലിന്യം നിറഞ്ഞും ഓട അടയുന്നതാണ് റോഡിലെ വെള്ളക്കെട്ടിന് കാരണം. ഇതു പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പിന് ഇനിയും എത്ര വർഷം വേണ്ടിവരുമെന്നാണ് നാട്ടുകാരും വ്യാപാരികളും ചോദിക്കുന്നത്.
അശാസ്ത്രീയമായ ഓട നിർമാണം
അശാസ്ത്രീയമായ ഓട നിർമാണവും വെള്ളക്കെട്ടിനു കാരണമാകുന്നു. വില്ലേജ് ഓഫീസിനു സമീപത്തെ വെള്ളക്കെട്ടുതന്നെ ഉദാഹരണം. റോഡിലൂടെ ഒഴുകിയെത്തുന്ന ഒരു തുള്ളി വെള്ളം പോലും ഓടയിലേക്ക് ഇറങ്ങില്ല. അത്തരത്തിലാണ് ഓട നിർമിച്ചിരിക്കുന്നത്. ചില വ്യാപാരികൾ ഇവിടെ ഗ്രിൽ നിർമിച്ച് ഓടയിലേക്ക് വെള്ളമൊഴുക്കാൻ ശ്രമിച്ചെങ്കിലും പൂർണ ഫലം ഉണ്ടായിട്ടില്ല. ദുരിതം തുടരുന്നു.
വ്യാപാരികളുടെ പങ്കും ചെറുതല്ല
ടൗണിൽ ഓടയിൽ ഉണ്ടാകുന്ന തടസങ്ങൾക്ക് വ്യാപാരികളും ഉത്തരവാദികളാണ്. വ്യാപാര സ്ഥാപനങ്ങളിലെ പേപ്പർ, പ്ലാസ്റ്റിക്, കാർഡ്ബോർഡ്, തെർമോക്കോൾ മാലിന്യങ്ങൾ ഓടയിലേക്ക് തള്ളുന്നത് പതിവുകാഴ്ചയാണ്. ഇത്തരത്തിൽ വൻതോതിൽ തള്ളുന്ന മാലിന്യങ്ങളാണ് വെള്ളക്കെട്ടിന്റെ ഒരു പ്രധാന കാരണം. ഇക്കാര്യത്തിൽ വ്യാപാരികൾക്കിടയിൽ ബോധവത്കരണത്തിന് വ്യാപാരി സംഘടനകൾ സംവിധാനമൊരുക്കണം.
നഗരസഭ ശുചീകരണം നടത്തണം
എല്ലാ വർഷവും കൃത്യമായി മഴക്കാല പൂർവ ശുചീകരണത്തിലൂടെ നഗരത്തിലെ ഓടകൾ വൃത്തിയാക്കാൻ നഗരസഭ തയ്യാറാകണം. വെള്ളക്കെട്ട് രൂപപ്പെട്ട് ജനം പരമാവധി വലഞ്ഞു കഴിയുമ്പോൾ നഗരസഭ നടത്തുന്ന അടിയന്തര ഇടപെടലിനു പകരം മുൻകൂട്ടി ശുചീകരണം നടത്തിയാൽ ജനത്തിന് ആശ്വാസമാകും.
മന്ത്രിയുടെ ശ്രദ്ധ വേണം
ഏറ്റുമാനൂരിൽനിന്ന് ആരംഭിക്കുന്ന സംസ്ഥാന പാതയായ ഏറ്റുമാനൂർ-പൂഞ്ഞാർ റോഡിലെ വലിയ വെള്ളക്കെട്ടുകൾ ഒഴിവാക്കുന്നതിന് മന്ത്രി വി.എൻ. വാസവന്റെ സത്വര ശ്രദ്ധ ഉണ്ടാകണം. ഓട ഇല്ലാത്തതാണ് വലിയ വെള്ളക്കെട്ടുകളുടെ പ്രധാന കാരണം. രണ്ടിടത്ത് കലുങ്കുകൾ വേണ്ടി വന്നേക്കുമെന്നും പറയപ്പെടുന്നു. ഇതു സംബന്ധിച്ച് പഠനം നടത്തി നടപടി സ്വീകരിക്കാനും ഫണ്ട് അനുവദിക്കാനും മന്ത്രിയുടെ ഉടപെടൽക്കൊണ്ടേ സാധിക്കുകയുള്ളൂ.