പെണ്‍കുട്ടിയെ പീഡിപ്പിച്ച ബന്ധുവായ യുവാവിന് 25 വര്‍ഷം കഠിന തടവ്
1484888
Friday, December 6, 2024 6:01 AM IST
കിടങ്ങൂര്‍: മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച ബന്ധുവായ യുവാവിന് 25 വര്‍ഷം കഠിന തടവും 55,000 രൂപ പിഴയും വിധിച്ചു കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി. പിഴ അടച്ചില്ലെങ്കില്‍ ഏഴു മാസംകൂടി തടവ് അനുഭവിക്കാനും കോടതി വിധിച്ചു.
കടപ്ലാമറ്റം മാറിയിടം ഇട്ടിപ്പാറ ചെറുതൊടുകമുകളേല് അമല്‍ ഷാജി (24)യെയാണ് കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി സ്പെഷല്‍ ജഡ്ജി വി. സതീഷ്കുമാര്‍ ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമം 354ഉം പോക്സോ ആക്ടിലെ വകുപ്പുകള്‍ പ്രകാരവുമാണ് ശിക്ഷ. പിഴത്തുക അതിജീവിതയ്ക്കു നല്‍കണമെന്നും കോടതി വിധിച്ചു.
2023ലായിരുന്നു കേസിനാസ്പദമായ സംഭവം പുറത്തുവന്നത്. സ്കൂളില്‍ ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സലിംഗിലാണ് 2022ല്‍ നടന്ന പീഡനത്തിന്റെ വിവരം പുറത്തുവന്നത്. പിതാവും മാതാവും മരിച്ചുപോയ പെണ്‍കുട്ടി ഹോസ്റ്റലില്‍നിന്നാണ് പഠിച്ചിരുന്നത്.
അവധിസമയത്ത് ബന്ധുവീട്ടില്‍ എത്തിപ്പോഴായിരുന്നു പീഡനം. കിടങ്ങൂര്‍ എസ്എച്ച്ഒ ടി.എസ്. റെനീഷാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പോള്‍ കെ. ഏബ്രഹാം ഹാജരായി.