പാലാ ടൗൺ ബസ് സ്റ്റാൻഡിൽ നിറയെ കുഴികൾ
1484867
Friday, December 6, 2024 5:55 AM IST
പാലാ: നഗരഹൃദയത്തിലെ ബസ് സ്റ്റാന്‍ഡ് കുഴികള്‍ നിറഞ്ഞ നിലയിൽ. സ്റ്റാന്‍ഡിനുള്ളിലും പുറത്തേക്കു വാഹനങ്ങള്‍ ഇറങ്ങുന്ന ഭാഗത്തും വലിയ കുഴികളാണു രൂപപ്പെട്ടിരിക്കുന്നത്. ബസുകള്‍ കുഴികളിലിറങ്ങി ആടിയുലഞ്ഞാണ് സഞ്ചരിക്കുന്നത്.
ഇക്കഴിഞ്ഞ ജൂലൈയില്‍ സമാനമായ രീതിയില്‍ സ്റ്റാന്‍ഡിന് ഉള്‍വശം കുഴികള്‍ നിറഞ്ഞതു വ്യാപക പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. തുടര്‍ന്ന് ഓഗസ്റ്റ് ആദ്യവാരം നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ പാറമക്ക് എത്തിച്ചു നികത്തിയിരുന്നു. എന്നാല്‍ കാലക്രമത്തില്‍ ഇതു വാഹനങ്ങള്‍ കയറി നിരന്നുപോവുകയും പഴയ സ്ഥിതിയിലേക്ക് എത്തുകയും ചെയ്തു.
രാമപുരം, പൊന്‍കുന്നം ഭാഗത്തേക്കു പോകുന്ന ബസുകള്‍ പാര്‍ക്കു ചെയ്യുന്ന ഭാഗം പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ടാറിംഗ് പൂര്‍ണമായി നഷ്ടമായി മെറ്റല്‍ ഈ ഭാഗത്തു ചിതറിക്കിടക്കുകയാണ്. മഴ പെയ്യുമ്പോള്‍ ഇവിടെ വെള്ളം കെട്ടിക്കിടക്കുന്നതും യാത്രക്കാരെ വലയ്ക്കുന്നു. സ്റ്റാന്‍ഡിനുള്ളില്‍ കയറുന്ന ബസുകള്‍ ഇറങ്ങിപ്പോകുന്ന ഭാഗം വലിയ കുഴിയായി മാറിയിട്ടുണ്ട്. കുഴിയിലിറങ്ങിക്കയറി ആടിയുലഞ്ഞാണ് ബസുകള്‍ റിവര്‍വ്യൂ റോഡിലേക്കു പ്രവേശിക്കുന്നത്.
ബിഎംബിസി നിലവാരത്തില്‍ ടാറിംഗ് നടത്തി ശാശ്വതമായ പരിഹാരം വേണമെന്നാണു ബസ് ജീവനക്കാരും യാത്രക്കാരും ആവശ്യപ്പെടുന്നത്.